SignIn
Kerala Kaumudi Online
Tuesday, 24 March 2026 1.35 AM IST

10,800 കോടിയുടെ പദ്ധതികൾക്ക് തുടക്കം, കേരളത്തിന് വികസനവും തൊഴിലും; പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
modi

കൊച്ചി: കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന വികസന പദ്ധതികളിലൂടെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ കിട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെലവഴിക്കുന്ന ഓരോ രൂപയും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വികസിത കേരളമെന്ന ദൃഢനിശ്ചയം സാക്ഷാത്കരിക്കും.

10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും സമർപ്പണവും കലൂർ ജെ.എൻ.എൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മോദി. സ്വാശ്രയ ഇന്ത്യ, മേയ്‌ക്ക് ഇൻ ഇന്ത്യ എന്നിവയുടെ വിജയത്തിന് പെട്രോളിയം മേഖലയുടെ വിപുലീകരണം പ്രധാനമാണ്. കൊച്ചി റിഫൈനറിയിൽ ശിലാസ്ഥാപനം നടത്തിയ നാലു ലക്ഷം ടൺ ഉത്പാദനശേഷിയുള്ള പോളിപ്രൊപ്പലീൻ യൂണിറ്റ് നിരവധി വ്യവസായങ്ങൾക്ക് പ്രയോജനം ചെയ്യും.

ഉത്പാദനത്തിന്റെ കേന്ദ്രമായി രാജ്യം മാറി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അർദ്ധചാലക മേഖലകളിലും അതിവേഗ പുരോഗതി നേടുകയാണ്. ഇവയ്‌ക്ക് ഹരിതവും ശുദ്ധവുമായ ഊർജം ലഭ്യമാക്കണം.

സൗരോർജ ഉത്പാദനത്തിൽ കേരളവും മുന്നിലെത്തണം. അതിനാണ് ഈസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്‌ളോട്ടിംഗ് സോളാർ പദ്ധതി. ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു. ഷൊർണൂർ - നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണം പൂർത്തിയാക്കി. പാലക്കാട്‌ - പൊള്ളാച്ചി ദേശീയപാത ഉൾപ്പെടെ സുപ്രധാന റോഡുകളുടെ വികസനം ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇവ ടൂറിസത്തിനും മറ്റ് വ്യവസായങ്ങൾക്കും പ്രയോജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ഹൈബി ഈഡൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സർക്കാർ ബഹിഷ്‌കരിച്ചു

സംസ്ഥാനവും കോടികൾ മുടക്കിയ റോഡുകളുടെ ഉദ്ഘാടനമുണ്ടായിട്ടും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിലും ഔദ്യോഗിക ചടങ്ങിനെ ബി.ജെ.പി പ്രചാരണവേദിയാക്കി മാറ്റിയതിലും പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തു നിന്ന് ഹൈബി ഈഡൻ എം.പി മാത്രമാണ് പങ്കെടുത്തത്. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. കൃഷ്‌ണൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തിയിരുന്നു. ഇവരാരും എത്തിയില്ല. ഉമ തോമസ് എം.എൽ.എയെയും ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല. റിയാസിനെ ക്ഷണിക്കാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ ഉൾപ്പെടുത്തിയതിലായിരുന്നു പ്രധാന പ്രതിഷേധം. പ്രസംഗം പരിഭാഷപ്പെടുത്താൻ ബി.ജെ.പി നേതാവിനെ നിയോഗിച്ചതിലും വിമർശനമുയർന്നു.

മരുമകനും വേണമെന്ന്

പറയാമായിരുന്നു:

രാജീവ് ചന്ദ്രശേഖർ

കേന്ദ്ര പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ മരുമകനും വേണമെന്നുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് നേരത്തേ പറയാമായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഒപ്പം ആരൊക്കെ വേണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. വിവാദമുണ്ടാക്കി തിരഞ്ഞെടുപ്പിൽ ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണിത്.

ബി.ജെ.പി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതിൽ പ്രതിഷേധമുണ്ടെങ്കിലും മണ്ഡലത്തിലെ ചടങ്ങായതിനാലാണ് പങ്കെടുത്തത്

- ഹൈബി ഈഡൻ

TAGS: VIKASITH KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.