തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായ 30500 അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. കഴിഞ്ഞ ഏപ്രിലിലാണ് മന്ത്രി കണ്ണടവാങ്ങിയത്. അപ്പോൾത്തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാൻ പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും പണം ലഭിച്ചിരുന്നില്ല, സാമ്പത്തിക പ്രതിസന്ധികാരണമായിരുന്നു ഇത്. ഇതിനെക്കുറിച്ച് പരാതി ഉയർന്നതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് പണം അനുവദിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് റിപ്പോർട്ട്. ക്ഷേമപെൻഷനുകൾ ഉൾപ്പടെ നൽകാൻ സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ ഏറെ ബുദ്ധിമുട്ടുമ്പോൾ കണ്ണടവാങ്ങാൻ ചെലവായ കാശ് സർക്കാർ ചെലവിൽ ഉൾക്കാെള്ളിച്ച് എഴുതിയെടുത്തതിനെതിരെ പലകോണുകളിൽ നിന്നും ആക്ഷേപം ഉയരുന്നുണ്ട്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും കണ്ണടവാങ്ങാൻ മന്ത്രിമാർ സർക്കാർ ആനുകൂല്യം ഉപയോഗിച്ചിരുന്നു. അന്ന് സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ പുതിയ കണ്ണടയ്ക്ക് 49,900 രൂപ എഴുതിയെടുത്തത് ഏറെ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ 29000 രൂപയാണ് കണ്ണടവാങ്ങാൻ ചെലവാക്കിയത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അടുത്തിടെ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. സത്യാവാങ്മൂലം കേരളത്തെ അപമാനിക്കുന്നതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേരളാ ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷന്റെ (കെടിഡിഎഫ്സി) സാമ്പത്തിക ബാദ്ധ്യതയുമായി ബന്ധപ്പെട്ട കേസിലായിരുന്നു സർക്കാർ സത്യവാങ്മൂലം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |