
തിരുവനന്തപുരം: ആര്യാ രാജേന്ദ്രൻ മേയറായിരുന്നപ്പോൾ എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽ നിന്ന് ഒഴിവാക്കിയ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ഇതോടെ കോർപറേഷനിൽ എൽഡിഎഫ് ബിജെപി തർക്കം വീണ്ടും മുറുകി.
1940ൽ കോർപറേഷൻ രൂപീകരിച്ച നാൾ മുതൽ മേയറുടെ ഡയസിനു പിറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ചിത്രം മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാനനാളുകളിലാണ് നീക്കം ചെയ്‌തത്. ആ സ്ഥാനത്ത് മഹാത്മാഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയായിരുന്നു. ഇതിൽ ബിജെപി പ്രതിഷേധം ഉന്നയിച്ചെങ്കിലും ചിത്രം തിരികെ സ്ഥാപിക്കാൻ എൽഡിഎഫ് ഭരണസമിതി തയ്യാറായിരുന്നില്ല.
ഇപ്പോൾ കോർപറേഷൻ ഭരണം പിടിച്ചെടുത്തതിനുപിന്നാലെ ചിത്രം തിരികെ സ്ഥാപിച്ചിരിക്കുകയാണ് ബിജെപി. മഹാത്മാഗാന്ധിയുടെയും ചിത്തിരതിരുനാളിന്റെയും ചിത്രം അടുത്തടുത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ എതിർപ്പുമായി എൽഡിഎഫ് രംഗത്തെത്തിയതോടെ വിവാദങ്ങൾ വീണ്ടും കൊഴുത്തു. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്‌ക്കുക മാത്രമാണ് ചെയ്‌തതെന്നും മേയർ വിവി രാജേഷ് പറഞ്ഞു.
കോർപ്പറേഷൻ ഇലക്ഷനിൽ ഭരണം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖയും വികെ പ്രശാന്ത് എംഎൽഎയും തമ്മിലുണ്ടായ തർക്കം വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. തുടർന്ന് ഇലക്‌ട്രിക് ബസുകളുടെ സർവീസിനെ ചൊല്ലി കെഎസ്ആർടിസിയും കോർപ്പറേഷനും തമ്മിലുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ പുതിയ വിവാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |