
കൊച്ചി: ദൈവങ്ങളുടേയും പ്രസ്ഥാനത്തിന്റേയും ബലിദാനികളുടേയും പേരുകളിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. ഇവരുടെ പ്രതിജ്ഞയുടെ സാധുത കോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
വിഷയത്തിൽ വിശദവാദം കേൾക്കുമെന്ന് വ്യക്തമാക്കിയ കോടതി, സർക്കാരിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ഉൾപ്പെടെ നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. സത്യപ്രതിജ്ഞ അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലെ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായി പ്രതിജ്ഞ ചെയ്യാൻ എതിർകക്ഷികളായ അംഗങ്ങളോട് നിർദ്ദേശിക്കണമെന്നും അതുവരെ ഇവരെ കൗൺസിലിൽ നിന്നു വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇവർ വോട്ടുചെയ്തതും ചോദ്യം ചെയ്തിട്ടുണ്ട്. അയ്യപ്പനാമത്തിൽ, ഗുരുദേവ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ എന്നിങ്ങനെ എടുത്തുപറഞ്ഞാണ് പല കൗൺസിലർമാരും പ്രതിജ്ഞ ചൊല്ലിയത്. ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 143-ാം വ്യവസ്ഥയുടെ ലംഘനമാണെന്നാണ് വാദം. നിയമപ്രകാരം ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ മാത്രമാണ് അനുവദനീയം.
എന്നാൽ ഓരോരുത്തർക്കും ദൈവത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന് കോടതി പറഞ്ഞു. ജീവിച്ചിരിക്കുന്ന വ്യക്തികളേയോ ഗുരുക്കന്മാരേയോ ആൾദൈവങ്ങളേയോ ആരാധിക്കുന്നവരുണ്ട്. ഇതിൽ അവരെ തെറ്റുപറയാനാകില്ല. എന്നാൽ ആരാണ് അവരുടെ കാഴ്ചപ്പാടിലെ ദൈവം? ആൾ ദൈവങ്ങളുടേയും മറ്റും പേരിൽ പ്രതിജ്ഞയെടുക്കുന്നത് നിയമപരമായി നിലനിൽക്കുമോ? എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ വസ്തുതയുണ്ടെന്ന് വിലയിരുത്തിയാണ് കക്ഷികളിൽ നിന്ന് വിശദീകരണം തേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |