SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

കെ ടെറ്റ് ഇല്ലാത്ത അദ്ധ്യാപകരെ സ്ഥിരപ്പെടുത്താം; സുപ്രധാന  തീരുമാനവുമായി  സർക്കാർ

Increase Font Size Decrease Font Size Print Page
v-sivankutty

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലും കെ ടെറ്റിലും സുപ്രധാന തീരുമാനവുമായി സർക്കാർ. ഭിന്നശേഷി സംവരണത്തിലെ സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'എൻഎസ്എസിന് ബാധകമായ വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമായിരിക്കും. കെ ടെറ്റ് ഇല്ലാത്ത അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടുവർഷത്തിനുള്ളിൽ കെ ടെറ്റ് നേടിയാൽ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം'- ശിവൻകുട്ടി പറഞ്ഞു.

ഭിന്നശേഷി അദ്ധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് കൂടി ബാധകമാക്കാനുള്ള നിർണായക തീരുമാനമാണ് സംസ്ഥാന സർക്കാരെടുത്തത്. ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിച്ച കർശന നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്മെ‌ന്റുകൾ ഉൾപ്പടെയുള്ളവർ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനുനയ നീക്കവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരവ് വന്നാൽ തടഞ്ഞുവച്ചിരിക്കുന്ന നിരവധി അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാനാണ് സാദ്ധ്യത. അന്തിമ തീരുമാനം സുപ്രീം കോടതി വിധി പ്രകാരമെന്ന ഉപാധിവച്ചായിരിക്കും ഉത്തരവ് ഇറക്കുക. എൻഎസ്എസ് കേസിൽ ഭിന്നശേഷി വിഭാഗത്തിനായി നീക്കിവയ്ക്കേണ്ട തസ്തികകൾ ഒഴികെ മറ്റുള്ളവയിൽ അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

TAGS: KTET, GOVERMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY