
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) തസ്തികമാറ്റ നിയമനങ്ങളുമായി ബന്ധപ്പെട്ട് കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2020 ഡിസംബർ 29 മുതൽ 2025 ജൂൺ ഒന്നുവരെയുള്ള ഒഴിവുകളിലേക്ക് അപേക്ഷിച്ച അദ്ധ്യാപകർക്കും ജീവനക്കാർക്കുമാണ് പരിശോധന ബാധകം.
കെ-ടെറ്റ് നിർബന്ധമാക്കി സുപ്രീം കോടതി
അദ്ധ്യാപക തസ്തികമാറ്റത്തിന് കെ-ടെറ്റ് യോഗ്യത നിർബന്ധമാണെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 27, 28 തീയതികളിൽ രാവിലെ 10.30 മുതൽ തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ (ഹയർസെക്കൻഡറി വിഭാഗം) എത്തി പരിശോധന നടത്തണം. മുൻപ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായവരിൽ കെ-ടെറ്റ് യോഗ്യത നേടിയവർ സർട്ടിഫിക്കറ്റുമായി എത്തണം. മൂല്യനിർണയ ഡ്യൂട്ടിയുള്ള അദ്ധ്യാപകർക്ക് മേയ് 5-ന് ഹാജരാകാം.
യോഗ്യതയില്ലാത്തവർക്ക് താത്ക്കാലിക ഇളവ്
കെ-ടെറ്റ് ഇല്ലാത്തവർക്ക് സെപ്തംബർ ഒന്നു മുതൽ രണ്ട് വർഷത്തിനകം യോഗ്യത നേടണമെന്ന നിബന്ധനയിൽ താത്ക്കാലിക പ്രൊമോഷൻ അല്ലെങ്കിൽ തസ്തികമാറ്റ നിയമനം അനുവദിക്കും. നിശ്ചിത സമയത്തിനകം യോഗ്യത നേടിയില്ലെങ്കിൽ തസ്തികയിൽ നിന്നും മാറ്റുമെന്നും ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കുമെന്നുമുള്ള സമ്മതപത്രം ഇവർ നൽകേണ്ടതുണ്ട്. മലയാളം, ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ് തുടങ്ങി 21 വിഷയങ്ങളിൽ അപേക്ഷ നൽകിയവർക്കാണ് പരിശോധന ബാധകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |