
തിരുവനന്തപുരം: കെ-ടെറ്റുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം പുറത്തിറങ്ങാത്തതിനാൽ പ്രതിസന്ധിയിലായി രണ്ടായിരത്തോളം പ്രഥമ അദ്ധ്യാപകർ. ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് ഇവർക്ക് നിയമന അംഗീകാരം ലഭിച്ചിട്ടില്ല. അതിനാൽ ഹെഡ്മാസ്റ്റർ തസ്തികയിലെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഈ വർഷം വിരമിക്കേണ്ട അദ്ധ്യാപകർക്ക് പെൻഷൻ ഫോമുകൾ നൽകാനുമായിട്ടില്ല. 2025-26 അദ്ധ്യയനവർഷം ഉദ്യോഗക്കയറ്റത്തിലൂടെ എയ്ഡഡ് സ്‌കൂളുകളിൽ ഹെഡ്മാസ്റ്റർ തസ്തികയിലെത്തിയവർക്ക് അദ്ധ്യാപക തസ്തികയിലെ ശമ്പളമാണ് ലഭിക്കുന്നത്.
അദ്ധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നേടാൻ സുപ്രീംകോടതി രണ്ടുവർഷത്തെ സാവകാശം അനുവദിച്ചിരുന്നു. അതോടെ നിബന്ധനയോടെ സർക്കാർ അദ്ധ്യാപകർക്ക് നിയമന അംഗീകാരം നൽകി.എന്നാൽ, അംഗീകാരം നൽകാമോയെന്ന ഉദ്യോഗസ്ഥ തലത്തിലെ തർക്കം കാരണം കെ ടെറ്റ് നേടാത്തവരുടെ ഹെഡ്മാസ്റ്റർ നിയമനം ക്രമവത്കരിച്ചിട്ടില്ല. സർക്കാർ സ്‌കൂളുകളിലാകട്ടെ പുതുതായി പ്രഥമ അദ്ധ്യാപക നിയമനം നടന്നിട്ടില്ല.
ഉത്തരവോ മാർഗനിർദ്ദേശമോ ഇല്ല
പൊതു വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചുചേർത്ത അദ്ധ്യാപക സംഘടനകളുടെ യോഗത്തിൽ പ്രഥമ അദ്ധ്യാപക നിയമനം ക്രമവൽക്കരിക്കാൻ തടസമില്ലെന്നും വ്യവസ്ഥകൾ വിശദമാക്കി ഉത്തരവിറക്കാമെന്നും ഡി.ജി.ഇ ഉറപ്പു നൽകിയിരുന്നു.എന്നാൽ, ഉത്തരവോ മാർഗനിർദ്ദേശമോ പുറത്തിറങ്ങിയിട്ടില്ല. പ്രഥമ അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകേണ്ടത് ഡെപ്യൂട്ടി ഡയറക്ടർ തലത്തിലാണ്.
3000 സ്കൂളിൽ ഹെഡ്മാസ്റ്റർ ഇല്ല
സർക്കാർ സ്‌കൂളുകളുൾപ്പെടെ മൂവായിരത്തോളം സ്‌കൂളുകളിൽ പ്രഥമ അദ്ധ്യാപരുടെ ചുമതല സീനിയർ അദ്ധ്യാപകർക്ക് നൽകിയിരിക്കുകയാണ്. നയപരമായ തീരുമാനങ്ങൾ വകുപ്പ് എടുക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥതലത്തിൽ ഇതു പ്രാവർത്തികമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.മേയ് 31ന് നിരവധി അദ്ധ്യാപകർ വിരമിക്കുന്നുണ്ട്. കെ ടെറ്റ് പരീക്ഷാഫലം ഇതുവരെ പ്രഖ്യാപിക്കാത്തത് ഈ ഒഴിവുകളിലേക്കുള്ള നിയമനവും പ്രതിസന്ധിയിലാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |