തിരുവനന്തപുരം: കേരള സർവകലാശാലയിൽ ചൊവ്വാഴ്ച ചേരുന്ന സെനറ്റ് യോഗത്തിൽ ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കും. രാവിലെ എട്ടരയ്ക്ക് സെനറ്റ് യോഗത്തിനായി അദ്ദേഹം സർവകലാശാലയിലെത്തും. മുൻപും കേരള സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ ഗവർണർ പങ്കെടുത്തിരുന്നു. ജൂലായ് 19ന് കാലിക്കറ്ര് സർവകലാശാലയുടെ സെനറ്റ് യോഗത്തിലും ഗവർണർ പങ്കെടുക്കുന്നുണ്ട്. സർവകലാശാലകളുടെ സെനറ്റ് യോഗത്തിൽ താൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ചുമതലയേറ്റപ്പോൾ ഗവർണർ പറഞ്ഞിരുന്നു.
14 സർവകലാശാലകളിലെയും വൈസ്ചാൻസലർമാരുടെ യോഗവും ചൊവ്വാഴ്ച ഗവർണർ വിളിച്ചിട്ടുണ്ട്. രാജ്ഭവനിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് യോഗം. നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വി.സിമാരോട് ഗവർണർ നിർദ്ദേശിക്കും. വിദ്യാർത്ഥി പ്രവേശനം, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവ അവലോകനം ചെയ്യും. അക്കാഡമിക് കലണ്ടറിലെയും നാലുവർഷ ബിരുദ കോഴ്സിലെയും പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാനുള്ള യു.ജി.സി നിർദ്ദേശങ്ങൾ നടപ്പാക്കാനും നിർദ്ദേശിക്കും. അക്കാഡമിക് സമൂഹവും വിദ്യാർത്ഥികളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യും. ഇത് മൂന്നാം വട്ടമാണ് ഗവർണർ വി.സിമാരുടെ യോഗം വിളിച്ചുകൂട്ടുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ സെക്രട്ടറിക്കോ സർക്കാർ പ്രതിനിധികൾക്കോ യോഗത്തിലേക്ക് ക്ഷണമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |