
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശുമന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം/ ദിവസവേതന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നടപടിക്രമങ്ങൾ പാലിച്ച് നിയമനം ലഭിച്ചവരെയാണ് സ്ഥിരപ്പെടുത്തുക.
പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിക്കുന്നവരെയുമാണ് സ്ഥിരപ്പെടുത്തുക. ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ വിഭാഗങ്ങളിൽപ്പെട്ടവരെ പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട്ടൈമായി നിയോഗിച്ച് ഓണറേറിയം/ദിവസവേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവർക്കും ആനുകൂല്യം ലഭിക്കും.
തലശേരിയിലെ പഴയ അഡിഷണൽ ജില്ലാ കോടതി സമുച്ചയത്തിലെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാൻ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 എണ്ണം പുതിയതായി സൃഷ്ടിക്കും. 6 തസ്തികകൾ പുനർവിന്യസിക്കും. ഉഡുപ്പി-കരിന്തളം (കാസർകോട്) 400 കെ.വി അന്തർസംസ്ഥാന ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു.
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ താത്കാലിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 16 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ശമ്പളകുടിശിക അനുവദിക്കും.
കുട്ടനാടൻ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പമ്പ് സെറ്റിന്റെ വാടക, ഇന്ധനം എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കും.
വിരമിക്കൽ പ്രായം
ഏകീകരിച്ചു
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി മനോജ് കുമാർ സി.പിയെ നിയമിക്കും. രണ്ടുതരത്തിലുള്ള വിരമിക്കൽ പ്രായം നിലനിൽക്കുന്ന കേരള അഗ്രോ മിഷനറി കോർപ്പറേഷൻ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി ഏകീകരിച്ചു.ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ജീവനക്കാരുടെ വിരമിക്കൽ പ്രായവും 60 വയസാക്കി. കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെ 159 തസ്തികകളും ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകളും സൃഷ്ടിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |