കൊച്ചി: ചരക്കു സേവന നികുതി (ജി.എസ്.ടി) ഏകീകരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമാകും. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ, കരകൗശല സാമഗ്രികൾ, കാർഷികോത്പന്നങ്ങൾ, കീടനാശിനികൾ, വളം, എന്നിവ അടക്കം സാധാരണക്കാർക്ക് ആവശ്യമായി വരുന്ന ഭൂരിപക്ഷം ഉത്പന്നങ്ങളുടെയും വില കുറയും. ആരോഗ്യ, നോൺ ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിന് ചുമത്തുന്ന നികുതിയും കുറയും.
നിലവിലുള്ള 5%, 12%, 18%, 28% സ്ളാബുകൾക്ക് പകരം 5%, 18% സ്ളാബുകൾ ഏർപ്പെടുത്താനാണ് തീരുമാനം. ഇതോടെ 12% സ്ളാബിലുള്ള ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനത്തിലേക്കും 28% സ്ളാബിലെ നിരക്ക് 18 ശതമാനത്തിലേക്കും താഴും.
ജി.എസ്.ടി രജിസ്ട്രേഷൻ 1.15 കോടിയിൽ നിന്ന് 2 കോടിയായി ഉയർത്തും. ഇതിനായി രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കും. ദീപാവലിക്ക് നടപ്പാകുമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്.
ജി.എസ്.ടി നിരക്ക് ഏകീകരണ, പരിഷ്‌കരണ നിർദ്ദേശങ്ങൾ സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളായ ജി.എസ്.ടി കൗൺസിലിന് അയച്ചു നൽകിയിട്ടുണ്ട്. സെപ്തംബറിലോ ഒക്ടോബറിലോ നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകും. നിർദേശങ്ങൾ സമർപ്പിക്കാനുള്ള ചുമതല മാത്രമേ കേന്ദ്രത്തിനുള്ളൂ.
1.സ്വർണാഭരണങ്ങൾക്ക്
നികുതി കുറഞ്ഞേക്കും
നിലവിൽ മൂന്ന് ശതമാനം നികുതിയുള്ള സ്വർണം, പ്രഷ്യസ് ലോഹങ്ങളുടെ ജി.എസ്.ടി ഒരു ശതമാനത്തിലും താഴെയാകും. 0.25 ശതമാനം നികുതിയുള്ള ഡയമണ്ട്‌സ്, സെമി പ്രഷ്യസ് എന്നിവയുടെ നികുതിയും ഒരു ശതമാനത്തിലും കുറവാകും.
2. ഇൻഷ്വറൻസ് പ്രീമിയം
ചെലവ് കുറയും
18 ശതമാനം നികുതി ഈടാക്കുന്ന ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പദ്ധതികളുടെ പ്രീമീയത്തിന്റെ ജി.എസ്.ടി ഒഴിവാക്കണമെന്ന നിർദ്ദേശം സജീവ പരിഗണനയിലാണ്. ഒഴിവാക്കിയില്ലെങ്കിൽ അഞ്ച് ശതമാനമായി കുറയ്ക്കും.
ഹാനികരമായ
ഉത്പന്നങ്ങൾക്ക് 40%
പുകയില, സിഗററ്റ്, പെപ്‌സി, കൊക്കോകോള പോലുള്ള ഏരിയേറ്റഡ് പാനീയങ്ങൾ തുടങ്ങിയ ആരോഗ്യത്തിന് ഹാനിയാകുന്ന ഉത്പന്നങ്ങളുടെ തീരുവ 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരും. ഇവയുടെ സെസ് അടക്കമുള്ള മൊത്തം നികുതി ഇപ്പോഴത്തെ 88 ശതമാനമായി തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |