കേരളത്തിന്റെ നഷ്‌ടം 8000 കോടിയോളം
വരുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ
ജി.എസ്.ടി കൗൺസിലിൽ ഉന്നയിക്കും
ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജി.എസ്.ടി നികുതി പരിഷ്കാരം വരുത്തുന്ന വരുമാനനഷ്ടം കേന്ദ്ര സർക്കാർ നികത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. കേരളം അടക്കം എട്ടു സംസ്ഥാനങ്ങൾ ഇന്നലെ ഡൽഹിയിലെ കർണാടക ഭവനിൽ യോഗം ചേർന്ന് പ്രമേയം പാസാക്കി. കേരളത്തിന് പുറമെ കർണാടക, തമിഴ്നാട്, തെലങ്കാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
സംസ്ഥാനങ്ങളുടെ റവന്യൂവരുമാനത്തിൽ 20 ശതമാനത്തോളം കുറവുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേരള ഹൗസിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ വരുമാനത്തിൽ 8000 കോടിയോളം കുറവ് വരും. കോർപറേറ്റുകൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ സാഹചര്യമുണ്ടാക്കരുതെന്നും ലക്ഷ്വറി ഗുഡ്‌സിന് അഡിഷണൽ ഡ്യൂട്ടി ഏർപ്പെടുത്തണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. സെപ്‌തംബർ 3,4 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി.എസ്.ടി കൗൺസിലിൽ വിഷയം ഉന്നയിക്കും. അതിനു മുന്നോടിയായാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ യോജിച്ചു നീങ്ങാൻ തീരുമാനിച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും വരുമാനത്തിൽ തിരിച്ചടിയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ക്ഷേമപെൻഷനെ ബാധിക്കും
കേരളത്തെ സംബന്ധിച്ചിടത്തോളം റവന്യൂ നഷ്‌ടം ക്ഷേമ പെൻഷൻ വാങ്ങിക്കുന്ന 62 ലക്ഷത്തോളം പേരെ ഉൾപ്പെടെ ബാധിക്കുമെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കാരുണ്യ പോലെയുള്ള പദ്ധതികൾ തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാകും.
2022 വരെ ജി.എസ്.ടി നഷ്‌ടപരിഹാരം ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷം 54500 കോടി കിട്ടേണ്ട സ്ഥാനത്ത് 32500 കോടി മാത്രമാണ് ലഭിച്ചത്. രാജ്യത്താകമാനമായി റവന്യൂ വരുമാനത്തിൽ രണ്ടര ലക്ഷം കോടിയുടെ നഷ്‌ടമുണ്ടായേക്കും. ഉത്‌പന്നങ്ങൾക്ക് വിലകുറയുന്നത് ജനങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കേന്ദ്രം ഉറപ്പാക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
കേരള കൗമുദി ചൂണ്ടിക്കാട്ടിയ
ലോട്ടറി നികുതി ഉന്നയിക്കും
നികുതി പരിഷ്കാരം കേരളത്തിന്റെ ലോട്ടറി വരുമാനത്തെയും ബാധിക്കുന്ന വിഷയമാണെന്ന് ജി.എസ്.ടി കൗൺസിലിൽ ഉന്നയിക്കുമെന്ന് കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. മറ്രു സംസ്ഥാനങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ ഉപജീവനമാർഗത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കൗമുദി വാർത്ത ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രതികരണം. യു.എസ് താരിഫ് കേരളത്തിന്റെ ഒരു ശതമാനം റവന്യൂവിനെ ബാധിക്കും. മത്സ്യ ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കയർ തുടങ്ങിയവയുടെ കയറ്റുമതിയെയാണ് ബാധിക്കുന്നത്.
ലോട്ടറിക്ക് ജി.എസ്.ടി വർദ്ധിപ്പിക്കരുതെന്ന് നിവേദനം
ന്യൂഡൽഹി:ലോട്ടറിയുടെ ജി.എസ്.ടിയുടെ 28 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കാനുള്ള നീക്കത്തിനെതിരെ കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി.എം.പിമാരായ വി.ശിവദാസൻ,പി.സന്താഷ്കുമാർ തുടങ്ങിയവരും എം.വി.ജയരാജൻ,പി.ആർ.ജയ്പകാശ്,ടി.ബി.സുബൈർ(സി.ഐ.ടി.യു),ഫിലിപ്പ് ജോസഫ് (ഐ.എൻ.ടി.യു.സി),വി.ബാലൻ (എ.ഐ.ടി.യു.സി),ജെ.ജയകുമാർ(കെ.എൽ.ടി.എ.) എന്നിവരുമാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്.ലോട്ടറി ആഡംബര വസ്തുവല്ല, അതിനാൽ 40 ശതമാനമാക്കി ഉയർത്തുന്നതിന് പകരം 18 ശതമാനമാക്കി കുറക്കുകയാണ് വേണ്ടതെന്നും നിവേദനത്തിൽ ചൂണ്ടികാട്ടുന്നു.ആവശ്യങ്ങൾ ജി.എസ്.ടി.കൗൺസിലിൽ ചർച്ച ചെയ്യാമെന്ന് ധനമന്ത്രി അറിയിച്ചതായി ഭാഗ്യക്കുറി സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി സെപ്‌തംബർ 8ന് എറണാകുളത്ത് സംസ്ഥാന കൺവെൻഷൻ നടത്തും.കേരള ഭാഗ്യക്കുറിയെ തകർക്കുന്നതിൽ നിന്ന് കേന്ദ്രം പിൻമാറിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |