ന്യൂഡൽഹി: ആദായ നികുതി ഇളവും ഇന്നു നിലവിൽ വരുന്ന ജി.എസ്.ടി പരിഷ്‌കാരവും ഇന്ത്യക്കാർക്ക് 2.5 ലക്ഷം കോടിയിലധികം രൂപയുടെ ലാഭം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിലക്കുറവിലൂടെ രാജ്യം സമ്പാദ്യ ഉത്സവത്തിന് തുടക്കം കുറിക്കും.
ജി.എസ്.ടി പരിഷ്കാരങ്ങൾ ആത്മനിർഭർ ഭാരത് പ്രചാരണത്തിലെ സുപ്രധാന ചുവടുവയ്‌പാണ്. ആദായനികുതി ഇളവിലൂടെ തുടക്കമിട്ട പരിഷ്‌കാരങ്ങളുടെ തുടർച്ചയാണിത്. ഇന്നു തുടങ്ങുന്ന നവരാത്രി ഉത്സവവും രണ്ടാം തലമുറ ജി.എസ്.ടി പരിഷ്‌കാരവും കണക്കിലെടുത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജി.എസ്.ടി 5%, 18% സ്ലാബുകൾ മാത്രമായി പരിമിതപ്പെടുത്തുമ്പോൾ, ദൈനംദിന വസ്‌തുക്കൾക്ക് നന്നേ വിലകുറയും. ദരിദ്രർ, മദ്ധ്യവർഗം, നവ മദ്ധ്യവർഗം, യുവാക്കൾ, കർഷകർ, സ്ത്രീകൾ, കടയുടമകൾ, വ്യാപാരികൾ, സംരംഭകർ എന്നിവർക്ക് പ്രയോജനം ലഭിക്കും.
ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പലതും വിദേശിയാണെന്ന് നമ്മളറിയുന്നില്ല. വിദേശ ആശ്രയത്വത്തിൽ നിന്ന് മോചിതരാകാൻ ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു. എല്ലാ കടകളിലും തദ്ദേശീയ വസ്തുക്കൾക്ക് മുൻഗണന നൽകണം.
പരിഷ്‌കരണം തുടർ പ്രക്രിയയാണ്. കാലം മാറുകയും ദേശീയ ആവശ്യങ്ങൾ വിപുലമാവുകയും ചെയ്യുമ്പോൾ, അടുത്ത തലമുറ പരിഷ്‌കാരങ്ങൾ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചെലവ് കുറയ്ക്കുന്ന രണ്ടു സ്ലാബുകൾ
12% സ്ളാബിലുള്ള 99% ഉത്പന്നങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമാകും. 28% സ്ളാബിലുണ്ടായിരുന്ന 90% ഉത്പന്നങ്ങളുടേതും 18 ശതമാനമാകും.
ടിവി, റഫ്രിജറേറ്റർ, സ്കൂട്ടർ, ബൈക്ക്, കാർ എന്നിവ കുറഞ്ഞവിലയ്ക്ക് വാങ്ങാം. ഹോട്ടൽ മുറികളുടെ ജി.എസ്.ടി കുറച്ചതിനാൽ യാത്രാചെലവ് കുറയും. വീട് നിർമ്മാണത്തിന് ചെലവാകുന്ന തുകയും കുറയും.
28 ശതമാനത്തിലുണ്ടായിരുന്ന ആഡംബര വസ്തുക്കളടക്കമുള്ളവയുടെ ജി.എസ്.ടി 40 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
നിത്യോപയോഗ സാധനങ്ങൾക്കും കൺസ്യൂമർ ഉത്പന്നങ്ങൾക്കും അഞ്ചു ശതമാനമാകുമ്പോൾ,ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് 18 ശതമാനമായി കുറയും. എന്നാൽ, സാധനങ്ങൾ പഴയ സ്റ്റോക്കാണെങ്കിൽ പഴയ നികുതി കൊടുക്കേണ്ടിവരുമെന്ന് സൂചനയുണ്ട്.
ലോട്ടറിക്ക് 40%; വില മാറില്ല
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകളുടെ ജി.എസ്.ടി 28ൽ നിന്ന് 40% ആയി വർദ്ധിപ്പിച്ച് വിജ്ഞാപനമായി.എന്നാൽ, പൊതുജനങ്ങൾക്ക് ലോട്ടറി ടിക്കറ്റുകൾ പഴയ നിരക്കിൽ കിട്ടുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇന്നുമുതൽ അച്ചടിക്കുന്ന ടിക്കറ്റുകൾക്ക് മാത്രമായിരിക്കും പുതിയ നികുതി. അതിനും വിലയിൽ മാറ്റമുണ്ടാകില്ല. ഓണം ബമ്പറിന്റെയും ഈയാഴ്ചത്തെ പ്രതിദിന ലോട്ടറി ടിക്കറ്റുകളും ഇന്നലെ തന്നെ വിതരണ ഏജൻസികൾക്ക് കൈമാറി.അതിനായി ഇന്നലെ അവധി ദിനമായിരുന്നെങ്കിലും ലോട്ടറി ഓഫീസുകൾ പ്രവർത്തിച്ചു. ഓണം ബമ്പർ ശേഷിക്കുന്ന എല്ലാ ടിക്കറ്റുകളും ഇന്നലെ തന്നെ വിതരണം ചെയ്തു. 27നാണ് ഓണം ബമ്പർ നറുക്കെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |