കോഴിക്കോട്: ചരക്ക് സേവന നികുതി (ജി.എസ്.ടി) പരിഷ്കാരം പ്രാബല്യത്തിലായെങ്കിലും ഗുണഫലം ജനങ്ങളിലെത്താൻ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരും. ചെറുകിട വ്യാപാരികളിൽ നിന്നാണ് കൂടുതൽ പേരും സാധനങ്ങൾ വാങ്ങുന്നത്. ഇവർ നിലവിലെ സ്റ്റോക്ക് നഷ്ടമുണ്ടാക്കുന്നതിനാൽ പുതിയ പരിഷ്കരണമനുസരിച്ച് വില കുറച്ചു വിൽക്കില്ല.
പുതിയ സ്റ്റോക്ക് വരുമ്പോഴേ വില കുറയുകയുള്ളുവെന്നാണ് വ്യാപാരികൾ പറയുന്നത്. മൊത്ത വ്യാപരികളിൽ നിന്നെടുത്ത സ്റ്റോക്ക് തിരികെ നൽകുന്നതും പ്രായോഗികമല്ല. ഒന്നര കോടിയിലധികം വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിൽപ്പനയിൽ മാത്രമാണ്, തിങ്കളാഴ്ച മുതൽ വിലക്കുറവ് പ്രതിഫലിച്ചു തുടങ്ങിയത്. ബില്ലിൽത്തന്നെ നികുതിയും ഈടാക്കുന്ന സ്ഥാപനങ്ങളാണിവ. സൂപ്പർ മാർക്ക്, മാളുകൾ പോലുള്ളവയാണ് പ്രധാനമായും ഈ ഗണത്തിലുള്ളത്.
ജി.എസ്.ടിയിൽ മാറ്റം വരുന്ന ശതമാനം വിലയിൽ കുറച്ചും ചില സ്ഥാപനങ്ങൾ നൽകുന്നുണ്ട്. നിർമ്മാണ, വിതരണ കമ്പനികളിൽ നിന്ന് പുതിയ വില, നികുതി വിവരങ്ങൾ കച്ചവടക്കാർക്ക് നൽകിയിട്ടുമില്ല. ചോദിക്കുന്നവർക്ക് മാത്രം നൽകുന്ന രീതിയാണിപ്പോഴുള്ളത്. വർഷത്തിലൊരിക്കൽ ഒരു ശതമാനം കോമ്പൗണ്ടിംഗ് തുകയടച്ച് ജി.എസ്.ടി. രജിസ്ട്രേഷൻ നേടിയ കച്ചവടക്കാർക്ക് പെട്ടെന്ന് വില കുറയ്ക്കാനാകില്ലെന്നും വ്യാപാരികൾ പറയുന്നു.
കുറഞ്ഞു, കുറഞ്ഞില്ല
ടൂത്ത് പേസ്റ്റ് പോലുള്ള ചില സാധനങ്ങൾക്ക് 13 ശതമാനം വരെ വില കുറഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിൽ തിങ്കളാഴ്ച തന്നെ 18 രൂപയുടെ പേസ്റ്റ് 5 രൂപയായി കുറഞ്ഞു. എന്നാൽ മൗത്ത് വാഷിന് കുറഞ്ഞില്ല. നികുതി പരിഷ്കരണം കർശനമായി നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. അതിനിടയിലും കള്ളക്കളികൾക്കുള്ള അവസരങ്ങളുമുണ്ട്. വൻകിട കുത്തകകൾ സാധനങ്ങളുടെ അടിസ്ഥാന വില വർദ്ധിപ്പിക്കുന്നതിലൂടെയാണിത്. ഇങ്ങനെ ചെയ്താൽ വിലക്കുറവിന്റെ ഗുണം ജനങ്ങൾക്ക് കിട്ടാതാകും. ഇത് പരിശോധിക്കാൻ സർക്കാർതലത്തിൽ സംവിധാനമുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. സാധനങ്ങളുടെ അളവ് കുറച്ചും തട്ടിപ്പ് നടത്താനിടയുണ്ട്.
ഗ്രാമാക്കാം.
ശ്രദ്ധിക്കാൻ
ബില്ലും വിലയും ശ്രദ്ധിക്കുക
പഴയ ബില്ലുമായി താരതമ്യം ചെയ്യുക.
നികുതിയിളവുണ്ടോ എന്ന് നോക്കുക.
ഇളവുള്ള സാധനങ്ങൾ ഏതെന്ന് മനസിലാക്കുക.
വില കുറഞ്ഞ സാധനങ്ങളുടെ എണ്ണം- 463
നികുതി പരിഷ്കരണം ഫലപ്രദമായി നടപ്പായാൽ ജനങ്ങൾക്ക് കൂടുതുൽ ഗുണമുണ്ടാകും. അതിനാണ് സർക്കാർ ശ്രമിക്കേണ്ടത്.-വി. സുനിൽകുമാർ, ജില്ല ജന.സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |