കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദമായിരുന്നു ഇന്നലെ ഉച്ചവരെ. സർക്കാരിനും കെ.കെ. രമയ്ക്കും വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. കുമാരൻകുട്ടിയും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ബി. രാമൻപിള്ളയും വാദം നയിച്ചു.
പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങൾ ഇവയാണ്: ടി.പിയെ വധിക്കാൻ വലിയ ഗൂഢാലോചനയും നീണ്ട തയാറെടുപ്പുമുണ്ടായി. സി.പി.എം വിട്ടുപോയതിന് ജനസമ്മതനായ നേതാവിനെ വാടകക്കൊലയാളികളെ വച്ച് ഇല്ലാതാക്കി. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി കൂടിയാണ്. ടി.പിയുടെ തലച്ചോറ് തെങ്ങിൻപൂക്കുല പോലെ ചിതറിക്കുമെന്ന് പ്രതികളിലൊരാൾ പ്രസംഗിച്ചു. അത് പാലിക്കുംപോലെ കൊലയാളികൾ അദ്ദേഹത്തിന്റെ തലയിൽ നിരവധി തവണ വെട്ടി. മുഖം ഉറ്റവർക്ക് അവസാനമായി കാണാൻപോലും പറ്റാത്ത സ്ഥിതിയായി. ശരീരം വെട്ടിനുറുക്കുന്നതും നിസ്സഹായനായ ഒരാളെ സംഘംചേർന്ന് കൊലപ്പെടുത്തുന്നതും ഹീനമായ കുറ്റകൃത്യമാണെന്ന് മുൻകാല വിധികളുണ്ട്. പ്രതികൾ പുറത്തിറങ്ങുന്നത് സമൂഹത്തിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്. കേസ് അപൂർവങ്ങളിൽ അത്യപൂർവമായി കണക്കാക്കി വധശിക്ഷ നൽകണം.
പ്രോസിക്യൂഷനോട് കോടതി
പ്രതികൾ മാനസാന്തരപ്പെടാൻ സാദ്ധ്യതയില്ലേ? ചിലർക്ക് പ്രായാധിക്യവും അസുഖവുമുണ്ടല്ലോ?
പ്രതികൾ കോടതിയിൽ ഹാജരായത് പശ്ചാത്താപത്തിന്റെ കണികപോലുമില്ലാതെയാണ്. പലരും ജയിലിൽ കഴിയവേ മറ്റ് കേസുകളിൽ പ്രതിയായി. പരോളിൽ ഇറങ്ങി പ്രശ്നമുണ്ടാക്കിയവരുമുണ്ട്. പ്രൊബേഷണറി ഓഫീസർമാരുടെ റിപ്പോർട്ടിൽ പലതും മറച്ചുവച്ചിരിക്കുകയാണ്. ശിക്ഷിക്കപ്പെട്ടവർക്ക് പ്രായമേറുന്നതും തടവിലായിരിക്കേ ചികിത്സിക്കുന്നതും പുതുമയല്ല. അമ്മയും ഭാര്യയും മക്കളുമുണ്ടെന്ന അപേക്ഷ മാനിക്കാനാകില്ല. ചന്ദ്രശേഖരന് അമ്മയും ഭാര്യയും മകനുമുണ്ടെന്നത് ഇവർ പരിഗണിച്ചില്ല. പ്രതികൾ മാനസാന്തരപ്പെടാൻ ഒരു സാദ്ധ്യതയുമില്ല.
പ്രതിഭാഗത്തോട് കോടതി
ശിക്ഷ കൂട്ടാതിരിക്കാൻ കാരണമുണ്ടോ? മാനസാന്തരപ്പെടുമെന്ന് ഉറപ്പുണ്ടോ?
വിചാരണക്കോടതിയുടെ തീരുമാനം ഉചിതമല്ലെന്നു കണ്ടെത്തുമ്പോഴാണ് അപ്പീൽ കോടതികൾ ശിക്ഷ വർദ്ധിപ്പിക്കാൻ ഇടപെടാറുള്ളത്. ഈ കേസിൽ അത്തരം സാഹചര്യമില്ല. സമാനമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ അപ്പീൽക്കോടതി ശിക്ഷ ഇളവ് ചെയ്തിട്ടുണ്ട്. കെ.ടി. ജയകൃഷ്ണൻ വധക്കേസ് ഉദാഹരണം. കുടുംബത്തെ സംരക്ഷിക്കണമെന്നും അവർക്കൊപ്പം ജീവിക്കണമെന്നും പ്രതികൾ കോടതിയെ അറിയിച്ചത് മാനസാന്തരത്തിന്റെ സൂചനയാണ്. പ്രതികളിൽ ഒരാൾ ജയിലിൽ വച്ച് പ്ലസ് ടു പാസായി. ശിക്ഷാകാലയളവിൽ ചിലർക്കെതിരെയുണ്ടായ മറ്റു കേസുകൾ നിസ്സാരമാണ്. 12 വർഷത്തെ ജയിൽജീവിതം അവരെ പരിവർത്തനത്തിലേക്ക് നയിക്കുമെന്നാണ് കരുതേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |