
കൊച്ചി: പ്രസവാവധി മൗലികാവകാശമാണെന്നും അതിനെ മറ്റ് അവധികൾ പോലെ പരിഗണിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രസവത്തിന് ഉൾപ്പെടെ ഒരു വർഷത്തിലധികം അവധിയെടുത്തെന്ന കാരണത്താൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിനെതിരായ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം.
എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറാണ് കോടതിയെ സമീപിച്ചത്. എം.ബി.ബി.എസിനും എം.ഡിക്കും ശേഷം നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) നടത്തുന്ന ഉന്നതപഠന കോഴ്സിനാണ് ഇവർ ചേർന്നത്. പഠനകാലയളവിൽ ഒരു വർഷത്തിലധികം തുടർച്ചയായി അവധിയെടുത്താൽ പഠനം തുടരാനാകില്ലെന്നാണ് ചട്ടം. ഹർജിക്കാരി പഠനകാലയളവിൽ പ്രസവാവധി എടുത്തിരുന്നു. ഇതിനുപിന്നാലെ രക്താർബുദത്തിന് ചികിത്സ തേടേണ്ടി വന്നതോടെ അവധി ഒരു വർഷത്തിലധികമായി. ഇതോടെ കോഴ്സ് തുടരാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ അവധി അപേക്ഷ നിഷേധിക്കുകയായിരുന്നു.
ഹർജിക്കാരിക്ക് ഒരു വർഷത്തിലധികം അവധി വേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് കോടതി വിലയിരുത്തി. ഇതിൽ 184 ദിവസം പ്രസവാവധിയായിരുന്നു. പ്രസവാവധി അവകാശമായതിനാൽ ഹർജിക്കാരി വീണ്ടും അവധി അപേക്ഷ നൽകാനും അത് പരിഗണിച്ച് എൻ.ബി.ഇ.എം.എസ് അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കാനും കോടതി നിർദ്ദേശം നൽകി. ഹർജിക്കാരിയെ കോഴ്സിൽ നിന്ന് പുറത്താക്കരുതെന്നും ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |