കൊച്ചി: കോളേജ് ക്യാമ്പസുകളെ രാഷ്ട്രീയ മുക്തമാക്കാൻ ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനത്തെ സർവകലാശാല സിൻഡിക്കേറ്റുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. എം.ജി യൂണിവേഴ്സിറ്റി 2005ൽ തയ്യാറാക്കിയ ചട്ടങ്ങൾ മാതൃകയാക്കി പുതിയവ രൂപീകരിക്കാനാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചത്. കലാലയരാഷ്ട്രീയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂർ സ്വദേശി എൽ.എസ്. അജോയ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കലാലയ ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹർജി ഫയൽ ചെയ്തത്. സർവകലാശാലകൾ തയ്യാറാക്കുന്ന ചട്ടങ്ങൾ ഹൈക്കോടതിയിൽ സമർപ്പിക്കണം. എല്ലാ കലാലയങ്ങളിലും സൗഹാർദ്ദ അന്തരീക്ഷം ഉറപ്പാക്കണമെന്നും പഠനപ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. രൂപീകരിക്കുന്ന ചട്ടങ്ങൾ അഡിഷണൽ അഡ്വക്കേറ്റ് ജനറലിന് കൈമാറണം. ഇതിൽ ഭേദഗതികൾ ആവശ്യമുണ്ടെങ്കിൽ സർക്കാർ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് മാർച്ച് നാലിന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |