
കൊച്ചി: വീടിനും ജീവനും ഭീഷണിയായി സമീപത്തെ പറമ്പിൽ നിൽക്കുന്ന വൻമരങ്ങൾ മുറിയ്ക്കാൻ പത്തു വർഷത്തോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നരകിച്ച തൊണ്ണൂറ്റി രണ്ടുകാരന് കൈത്താങ്ങായി ഹൈക്കോടതി.
രണ്ട് മരങ്ങൾ ഒരു മാസത്തിനകം മുറിച്ചുമാറ്റാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടറും ഫോർട്ടുകൊച്ചി ആർ.ഡി.ഒയും ഉറപ്പാക്കണം.
പ്രതിരോധമന്ത്രാലയം മുൻ ഉദ്യോഗസ്ഥൻ കൊച്ചി പള്ളുരുത്തി സ്വദേശി സി.ജെ. മാത്യൂസിനാണ് (92) വാർദ്ധക്യത്തിൽ ഇങ്ങനെയൊരു
പോരാട്ടം നടത്തേണ്ടിവന്നത്.
ആൾപ്പാർപ്പില്ലാത്ത പറമ്പിലെ മരങ്ങളുടെ കൊമ്പുകളും വേരുകളും വീടിനും വാട്ടർ ടാങ്കിനുമടക്കം കേടുപാടുണ്ടാക്കിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. മഴയും കാറ്റും വരുമ്പോൾ ജീവഭയമുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ മരം മുറിയ്ക്കുന്നതിന് സ്ഥലമുടമയ്ക്ക് നോട്ടീസ് പോലും നൽകാതെ ഇടപെടാൻ മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭാ സെക്രട്ടറിമാർക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. 2017ൽ തുടങ്ങിയ നെട്ടോട്ടമാണ്. ആർ.ഡി.ഒയ്ക്ക് ആദ്യമായി പരാതി നൽകി.അന്വേഷണത്തിന് നിർദ്ദേശിച്ചു. രാമേശ്വരം വില്ലേജ് ഓഫീസർ പരിശോധന നടത്തി അപകടാവസ്ഥയുണ്ടെന്ന് കോർപ്പറേഷനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
ജില്ലാ കളക്ടർക്ക് പരാതി നൽകി. ഉചിതമായ നടപടിക്ക് നിർദ്ദേശമുണ്ടായി. കോർപ്പറേഷൻ തൊഴിലാളികളെത്തി അടിക്കാടു വെട്ടി മടങ്ങി. ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, കോർപ്പറേഷന് വീണ്ടും നിർദ്ദേശം നൽകി. നിരാശ തന്നെയായിരുന്നു ഫലം. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സിവിൽ തർക്കമുള്ളതിനാൽ പ്രവേശന വിലക്കുണ്ടെന്നാണ് ഭൂമിയുടെ അവകാശികൾ അറിയിച്ചത്.
''ഉദ്യോഗസ്ഥർക്ക് മുന്നിൽ
തലകുനിയ്ക്കരുത്""
നിയമപരമായ അവകാശങ്ങൾക്കായി ഒരു പൗരനും ഉദ്യോഗസ്ഥ വൃന്ദത്തിന് മുന്നിൽ തലകുനിയ്ക്കരുതെന്ന് ഹൈക്കോടതി. ഒപ്പം ഹർജിക്കാരന്റെ പോരാട്ട വീര്യത്തെ പ്രശംസിക്കുകയും ചെയ്തു. എൺപതുവയസു പിന്നിട്ടപ്പോൾ തുടങ്ങിയ വ്യവഹാരം 90 കഴിഞ്ഞിട്ടും അവസാനിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കവി ടി.എസ്. തിരുമുമ്പിന്റെ രചനയും ഉദ്ധരിച്ചു.
''തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെൻ യുവത്വവും;
പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെൻ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ
തലകുനിക്കാത്ത ശീലമെൻ യൗവനം"";
ഉദ്യോഗസ്ഥർ ഇത് 100 വട്ടം വായിക്കട്ടേയെന്നും, നീതിയ്ക്കായി പ്രായഭേദമന്യേ പൊരുതാൻ പൗരന്മാർ ഇവിടെയുണ്ടെന്ന് തിരിച്ചറിയട്ടേയെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |