കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾവച്ച് പൊലീസിന് കേസെടുക്കാനോ സർക്കാരിന് അതിന് നിർദ്ദേശം നൽകാനോ നിയമതടസമില്ലെന്ന് വിദഗ്ദ്ധർ. ആർജവമുണ്ടെങ്കിൽ പ്രത്യേക പരാതികൾ അനിവാര്യമല്ല. കേസെടുക്കാൻ 100 ശതമാനം സാധിക്കുമെന്ന് പ്രോസിക്യൂഷൻ മുൻ ഡയറക്ടർ ജനറൽ ടി. അസഫലിയും നിയമ വിദഗ്ദ്ധൻ സി.പി. ഉദയഭാനുവും പറയുന്നു.
പേരെടുത്ത് പറയേണ്ടതില്ല
പുതിയ ഭാരതീയ നാഗരിക സുരക്ഷാസംഹിത പ്രകാരം 'സീറോ എഫ്.ഐ.ആർ"ആണ്. കുറ്റകൃത്യം എവിടെ നടന്നാലും ഏതു പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്യാം. പരാതി വേണമെന്നില്ല, വിവരങ്ങൾ മതി. ഹേമ റിപ്പോർട്ടിൽ സ്ത്രീപീഡനവും ബലപ്രയോഗവും സംബന്ധിച്ച വിവരങ്ങളുണ്ട്. കേസെടുക്കാൻ അതുതന്നെ ധാരാളം. അന്വേഷിക്കണമെന്ന് ശുപാർശ ചെയ്തിട്ടില്ല, ആരെയും കുറ്റക്കാരായി ചൂണ്ടിക്കാട്ടിയിട്ടില്ല എന്നെല്ലാമാണ് സർക്കാരിന്റെ ന്യായം. ഇത് ഇടതു സർക്കാരിന് പറയാവുന്നതല്ല. കൂത്തുപറമ്പ് വെടിവയ്പ് സംബന്ധിച്ച പത്മനാഭൻ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്ന് 24 മണിക്കൂറിനകം എം.വി. രാഘവനെ അറസ്റ്റുചെയ്യിച്ചു. വെടിവയ്പിന് എം.വി.ആർ ഉത്തരവാദിയാണെന്ന് റിപ്പോർട്ടിൽ ഒരിടത്തും പറഞ്ഞിരുന്നില്ല. സോളാർ കമ്മിഷൻ റിപ്പോർട്ട് വന്നപ്പോഴും എഫ്.ഐ.ആർ ഇട്ടിരുന്നു.
ചലച്ചിത്ര പ്രവർത്തകരുടെ സാക്ഷിമൊഴികൾ ആരും കണ്ടിട്ടില്ലെന്നാണ് മറ്റൊരു വാദം. ഈ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി നിഗമനത്തിലെത്തിയത്. ഇരകളുടെ സ്വകാര്യതസംബന്ധിച്ച വാദങ്ങളിലും കഴമ്പില്ല. പീഡനക്കേസുകളിൽ ഇരയുടെ പേരുവിവരങ്ങൾക്ക് എപ്പോഴും സംരക്ഷണമുള്ളതാണ്. മാത്രമല്ല, ഇരകളുടെ മൊഴി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ മതിയെന്നും സ്റ്റേഷനിൽ കൊണ്ടുപോകേണ്ടതില്ലെന്നും വ്യവസ്ഥയുണ്ട്. ആരോപണവിധേയരുടെ സ്വകാര്യതകൂടി സംരക്ഷിക്കുന്ന നിലയിലാണ് സർക്കാർ നിലപാട്. പ്രതികൾക്ക് ഭരണഘടനയിൽ ഇത്തരമൊരു സംരക്ഷണമില്ല.
- അഡ്വ. ടി. അസഫലി
വസ്തുതകൾ മതി കേസിന്
ഇത് കമ്മിറ്റിയാണ് കമ്മിഷനല്ല എന്ന വാദമുണ്ട്. ഏതുതന്നെയായാലും റിപ്പോർട്ടിലെ വസ്തുതകൾക്കാണ് പ്രസക്തി. ഉദാഹരണങ്ങൾ പറയാം: അസാധാരണ പരിക്കുകളോടെ ഒരാൾ മരിച്ചുകിടക്കുന്നു. പരിക്കുകൾ സ്വയമേൽപിച്ചതോ മൃഗങ്ങൾ ആക്രമിച്ചുണ്ടായതോ അല്ലെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിയുന്നു. പരാതിക്കാരില്ലെങ്കിലും പൊലീസ് കൊലപാതകക്കേസെടുക്കാറുണ്ട്. നേരിട്ട് കേസെടുക്കാവുന്ന വസ്തുതകൾ ഇതിലുള്ളതാണ് കാരണം. വഴിയരികിൽ പരിക്കേറ്റു കിടക്കുന്നയാളെ മറ്റൊരാൾ ആശുപത്രിയിൽ എത്തിച്ചു മുങ്ങുന്നു. പരിക്കേറ്റയാൾ പിന്നീട് മരിക്കുന്നു. ആശുപത്രിയിൽനിന്ന് മുങ്ങിയ ആളെത്തേടി പൊലീസെത്തുന്നതും ഇങ്ങനെയാണ്.
ഹേമ റിപ്പോർട്ടിൽ ആരുടേയും പേരുവിവരങ്ങളില്ലെന്നാണ് വാദം. എന്നാൽ ഊരും പേരുമില്ലാത്ത ഒരാൾ അജ്ഞാത വാഹനമിടിച്ചു മരിച്ചാലും പൊലീസ് നേരിട്ടു കേസെടുക്കും. കുറ്റകൃത്യം അനാവരണം ചെയ്യപ്പെടുന്ന വസ്തുതകൾ അവശേഷിക്കുന്നെങ്കിൽ നേരിട്ട് കേസെടുക്കാവുന്നതാണ്. പരാതിയുടെ ആവശ്യമില്ല. ഇവിടെ റിപ്പോർട്ട് തയ്യാറാക്കിയവരും അതിന് ചുമതലപ്പെടുത്തിയവരും അത് രഹസ്യമാക്കിവയ്ക്കാൻ തീരുമാനിച്ചതാണ് ഏറ്റവും നീതികേട്.
അഡ്വ. സി.പി. ഉദയഭാനു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |