കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന്, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ച തന്ത്രവിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി നിഷ്കർഷിച്ച നടപടി ഹൈക്കോടതി ശരി വച്ചു.
ശാന്തി നിയമനത്തിന് യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങൾ രൂപീകരിക്കാനുമുള്ള വൈദഗ്ദ്ധ്യം റിക്രൂട്ട്മെന്റ് ബോർഡിനില്ലെന്നും തീരുമാനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഖിലകേരള തന്ത്രി സമാജം സമർപ്പിച്ച ഹർജി തള്ളി. പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെ മാത്രമേ നിയമിക്കാവൂ എന്ന വാദവും തളളി.സർക്കാരിന്റെയും ബോർഡിന്റെയും അംഗീകാരത്തോടെ റിക്രൂട്ട്‌മെന്റ് ബോർഡ് നടപ്പാക്കിയ തീരുമാനം നിയമനങ്ങളിലെ തുല്യനീതി ലക്ഷ്യമിട്ടാണെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഇതോടെ ശാന്തി നിയമനങ്ങളിൽ ബ്രാഹ്മണേതര വിഭാഗങ്ങൾക്കും നിയമനം നൽകുന്ന പ്രക്രിയയ്‌ക്ക് കൂടുതൽ പിൻബലമായി.
സംസ്ഥാനത്ത് വിവിധ വിഭാഗങ്ങൾ നടത്തുന്ന തന്ത്രവിദ്യാലയങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്നതിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കുറ്റമറ്റ നടപടികളാണ് കൈക്കൊണ്ടതെന്ന് കോടതി വിലയിരുത്തി. താന്ത്രിക വിദദ്ധരടങ്ങുന്ന സമിതി രൂപീകരിക്കുകയും ,ഓരോ വിദ്യാലയത്തിന്റെയും മികവ് പരിശോധിക്കുകയും ചെയ്തിരുന്നു. ഒരു സമിതിയിൽ ഹർജിക്കാരായ സംഘടനയുടെ പ്രസിഡന്റും അംഗമായിരുന്നു. പാഠ്യപദ്ധതി തയ്യാറാക്കിയത് തന്ത്രിമാരും പണ്ഡിതരുമാണ്.
പരമ്പരാഗതമായ ആഗമ, നിഗമ വിദ്യകളും തന്ത്രസമുച്ചയവും പഠിച്ചവരെയാകണം ക്ഷേത്രങ്ങളിൽ നിയമിക്കേണ്ടതെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ തന്ത്രിസമാജം നിയമപരമായ വേദിയല്ലെന്നും തന്ത്രിമാർ ദേവസ്വം ജീവനക്കാരുടെ ഗണത്തിൽപ്പെടില്ലെന്നും സർക്കാർ വാദിച്ചു. അതിനാൽ ദേവസ്വം ബോർഡിനും റിക്രൂട്ട്മെന്റ് ബോർഡിനും നിർദ്ദേശങ്ങൾ നൽകാൻ ഹർജിക്കാർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി.
പൗരാവകാശത്തിന്
വിരുദ്ധമാകരുത്
പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളാണെങ്കിലും അത് മനുഷ്യാവകാശത്തിനും പൗരാവകാശത്തിനും വ്യക്തിയുടെ അന്തസിനും സമൂഹ സമത്വത്തിനും എതിരാണെങ്കിൽ നിയമപരമായ നിലനിൽപ്പില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ശാന്തിമാരായി നിയമിക്കപ്പെടുന്നവർ പ്രത്യേക ജാതിയിലോ വംശത്തിലോ ഉൾപ്പെടണമെന്ന വാദം അനിവാര്യമായ മതാചരമായോ ആരാധനാ രീതിയായോ കണക്കാക്കാനാകില്ലെന്നും
കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |