കൊച്ചി: ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് മുഖ്യമന്ത്രി വാട്സാപ് സന്ദേശമയച്ചത് ഭരണത്തലവനെന്ന നിലയിലാണെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. സേവനാനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവച്ചത്. ഇതിന് രാഷ്ട്രീയനിറമില്ല. തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന ആരോപണത്തിൽ കഴമ്പില്ല. പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടില്ല. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുള്ള 'സ്പാർക്ക്' പോർട്ടലിൽനിന്ന് വിവരങ്ങൾ ചോർന്നിട്ടില്ല. അനധികൃത ഡേറ്റാ കൈമാറ്റം നടന്നിട്ടില്ല.
വാട്‌സാപ്പ് സന്ദേശമയച്ചതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അദ്ധ്യാപകൻ റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ കെ.എം.അനിൽകുമാർ എന്നിവർ ഫയൽചെയ്ത ഹർജിയിലാണ് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ വകുപ്പ് അഡി. സെക്രട്ടറി എം.രാജേഷ്‌കുമാറിന്റെ വിശദീകരണം. വിശദവാദത്തിനായി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. സമാനമായ സന്ദേശങ്ങൾ തത്കാലം അയയ്ക്കില്ലെന്ന സർക്കാരിന്റെ ഉറപ്പ് അതുവരെ തുടരും. വസ്തുതകളുടെ പിൻബലമില്ലാത്ത ഹർജികൾ തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങളിൽ നിയമസഭയിൽ നൽകിയ വാക്കുപാലിച്ചതോടെ ജീവനക്കാർക്ക് പ്രചോദനമെന്ന നിലയിലാണ് സന്ദേശങ്ങൾ അയച്ചത്. വിവരച്ചോർച്ചയോ സ്വകാര്യതാ നിയമലംഘനമോ ഉണ്ടായിട്ടില്ല. ഐ.ടി മിഷൻ വികസിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഔദ്യോഗിക ചട്ടക്കൂടിൽ നിന്നുകൊണ്ടാണ് ആശയവിനിമയം നടത്തിയത്. ഭരണപരമായ നടപടികളുടെ ഭാഗമായാണ് സന്ദേശങ്ങളെന്നും സർക്കാർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസ്
ഡേറ്റാബേസ് സൂക്ഷിക്കുന്നില്ല
മെറ്റയുടെ സ്വകാര്യതാനയംകൂടി പാലിച്ചാണ് വാട്സാപ് സന്ദേശങ്ങൾ. അതിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടേയും പേരില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് യാതൊരു ഡേറ്റാബേസും സൂക്ഷിക്കുന്നില്ല. സംസ്ഥാന ഐ.ടി മിഷന്റെ വാട്സാപ്പ് ബിസിനസ് അക്കൗണ്ടിൽനിന്നാണ് മെസേജുകൾ അയച്ചത്. ഇത് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകളും സർക്കാർ സമർപ്പിച്ചു. പി.ആർ.ഡിയുടെ സഹകരണത്തോടെയാണ് വിവരങ്ങൾ ലഭ്യമാക്കിയത്.
സർക്കാർ സേവനങ്ങളുടെ
ആശയ വിനിമയത്തിന്
1.സർക്കാർ സേവനങ്ങളും നയങ്ങളും സംബന്ധിച്ച് കൃത്യമായ ആശയവിനിമയത്തിനാണ് സർക്കാർ ശ്രമിച്ചത്
2. 'നമ്മുടെ കേരളം', 'ഡിജിറ്റൽ കേരളം' തുടങ്ങിയ പ്ലാറ്റ‌്ഫോമുകളും ഐ.ടി മിഷൻ വികസിപ്പിക്കുന്നുണ്ട്. ഇത് പൗരന്മാരോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്
3.സേവനങ്ങൾ വേഗത്തിലാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടാറുണ്ട്. വ്യക്തിവിവരങ്ങൾ ഇവിടെ സൂക്ഷിക്കാറില്ല
4.കൂട്ടത്തോടെ മെസേജുകൾ അയയ്ക്കുന്നതിന് മറപിടിക്കാനാണ് ഫെബ്രുവരി 11ന് തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരവിറക്കിയതെന്ന ആരോപണത്തിൽ കഴമ്പില്ല. എ.ഐയിൽ അടക്കം വൈദഗ്ദ്ധ്യമുള്ളവരെ എംപാനൽ ചെയ്യാനുള്ള ഉത്തരവാണിത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |