
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‌പശി ഉത്സവം ആറാട്ടിനോടുബന്ധിച്ച് നാളെ ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം തലസ്ഥാന നഗരിയിലെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. ആറാട്ടിനോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണി വരെയാണ് ഗതാഗത നിയന്ത്രണമുണ്ടാവുക.
വെട്ടിമുറിച്ച കോട്ട -വാഴപ്പള്ളി ജംഗ്ഷൻ - മിത്രാനന്ദപുരം, ഫോര്‍ട്ട് സ്കൂള്‍ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട - ഈഞ്ചക്കൽ-വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ റോഡുകളിൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേയ്ക്ക് പോകുന്ന സമയത്തും തിരിച്ചു വരുന്ന സമയത്തും കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചക്കൽ ജംഗ്ഷനിൽ ഗതാഗതം തടസപ്പെടുന്നതാണ്. ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകിട്ട് മൂന്ന് മണി മുതൽ വാഴപ്പള്ളി ജംഗ്ഷൻ, പടിഞ്ഞാറെ കോട്ട, ശ്രീകണ്ഠേശ്വരം പാർക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ കൂടി പോകുന്ന വാഹനങ്ങളെ വഴിതിരിച്ചു വിടും.
ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ടിലേയ്ക്ക് പോകേണ്ടതായ വാഹനയാത്രക്കാർ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴി പോകേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേയ്ക്ക് 0471-2558731, 9497990005 എന്നീ ഫോണ്‍ നമ്പരുകളിൽ ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |