കൂത്താട്ടുകുളം: കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് പായ്‌ക്ക് ചെയ്‌ത് കണ്ടെയ്‌നറിലാക്കിയ ഭൗമസൂചിക പദവിയുള്ള പൈനാപ്പിൾ കപ്പലിൽ ദുബായിലേക്ക് അയച്ചു. ദുബായിലെത്താനെടുക്കുന്ന എട്ടു ദിവസത്തിൽ പഴുക്കുന്ന 15 ടൺ പച്ച പൈനാപ്പിൾ മണ്ണത്തൂരിൽ നിന്നാണ് ശേഖരിച്ചത്. കാർഷിക സർവകലാശാലയുടെ പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിന്റെ മാർഗനിർദ്ദേശത്തോടെയാണ് 125 ദിവസം വളർച്ചയുള്ള പൈനാപ്പിൾ കയറ്റുമതിക്കായി പായ്‌ക്ക് ചെയ്‌തത്. പൈനാപ്പിളിന്റെ പുറംതോട് വൃത്തിയാക്കി കൂട്ടിയിടിക്കാത്ത വിധമാണ് ഫ്രീസർ കണ്ടെയ്‌നറിൽ നിറച്ചത്. കേന്ദ്ര വാണിജ്യ വകുപ്പിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസിംഗ് ഫുഡ് പ്രോഡക്‌ട് എക്‌സ്‌പോർട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് നടപടികൾ പൂർത്തിയാക്കിയത്.
ഇടനിലക്കാരില്ലാതെ വിപണനം
സാബു വർഗീസ്, എൽദോസ് സ്‌കറിയ, പവൽ എൽദോസ് എന്നിവരുടെ മണ്ണത്തൂരിലെ 800 ഏക്കർ കൃഷിയിടത്തിലെ പൈനാപ്പിളാണ് അയച്ചത്. ഇവർ നേരിട്ടാണ് കയറ്റുമതി കരാർ നേടുകയായിരുന്നു. കേരളത്തിലെ കൃഷിയിടത്തിൽ നിന്ന് ആദ്യമായാണ് നേരിട്ട് കപ്പലിൽ കയറ്റി അയയ്‌ക്കുന്നത്. വ്യാപാരികൾ ശേഖരിച്ച പൈനാപ്പിൾ ഒരുവർഷം മുമ്പ് കയറ്റുമതി ചെയ്‌തിരുന്നു.
പൈനാപ്പിളിന്റെ സൂക്ഷിപ്പുകാലം കുറവായതിനാൽ പ്രത്യേകം കൃഷി നടത്തിയ ഉത്പന്നമാണ് കയറ്റി അയച്ചതെന്ന് പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ടി. മായ പറഞ്ഞു.
കണ്ടെയ്‌നറിന്റെ ഫ്ളാഗ് ഒഫ് ചടങ്ങിൽ അഗ്രികൾച്ചറൽ ആൻഡ് പ്രോസസിംഗ് ഫുഡ് പ്രോഡക്‌ട് എക്‌സ്‌പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയിലെ സിനി കൃഷ്‌ണൻ, പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിലെ ഡോ.ടി. മായ, ശാന്തി, കർഷകരായ സാബു വർഗീസ്, എൽദോസ് സ്‌കറിയ, പവൽ എൽദോസ് തുടങ്ങിയവർ പങ്കെടുത്തു.
ദുബായിയിലെ മൊത്തവ്യാപാരിയാണ് വാങ്ങുന്നത്. വിജയമായാൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും
സാബു വർഗീസ്
കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |