
കൊച്ചി: വെർച്വൽ അറസ്‌റ്റിലൂടെ തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപയിൽ ഒരു കോടി ആറു ലക്ഷം രൂപ തിരികെ പിടിച്ച് കേരളാ പൊലീസിന്റെ സൈബർ വിഭാഗം. എറണാകുളം സ്വദേശിയായ ഡോക്‌ടറിൽ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കിയ തുകയാണ് സൈബർ പൊലീസ് തിരികെ നേടിയിരിക്കുന്നത്. സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന വ്യാജേനയാണ് സംഘം വീഡിയോ കോളിലൂടെ ഡോക്‌ടറെ ബന്ധപ്പെട്ടത്. തുടർന്ന് ഡിജിറ്റൽ അറസ്‌റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച ശേഷം 48 മണിക്കൂറോളം അദ്ദേഹത്തെ തടഞ്ഞുവച്ചു. ഇതേസമയം, കേസിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ പണം നൽകണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ള പണം ഒറ്റത്തവണയായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. പിന്നീട് തട്ടിപ്പിന് ഇരയായെന്ന് മനസിലായ ഉടൻ തന്നെ അദ്ദേഹം 1930 എന്ന നമ്പറിൽ പരാതിപ്പെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഷ്ടമായ തുകയിൽ ഒരു കോടി ആറ് ലക്ഷം രൂപ തിരികെ പിടിക്കാനായി.
മുതിർന്ന പൗരന്മാരെ കേന്ദ്രീകരിച്ചാണ് നിലവിൽ സംസ്ഥാനത്ത് വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നത്. വെർച്വൽ അറസ്റ്റ് നിയമപരമല്ലെന്ന കാര്യം പലർക്കും അറിവില്ലാത്തതാണ് ഇത്തരത്തിൽ തട്ടിപ്പുകൾ പെരുകാൻ കാരണം.
ഇത്തരത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടുക. എത്രയും വേഗം തട്ടിപ്പിനെക്കുറിച്ച് വിവരം നൽകിയാൽ പണം തിരികെ പിടിക്കാനുള്ള സാദ്ധ്യത അതനുസരിച്ച് വർദ്ധിക്കുമെന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |