തിരുവനന്തപുരം : വീട്ടിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങൾക്കും ഇനി പഞ്ചായത്തിന്റെ രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധം. വീടിന്റെ 50ശതമാനംവരെ സംരംഭം നടത്താനുള്ള സ്ഥലമായി കണക്കാക്കി വ്യാപാര,വാണിജ്യ ലൈസൻസ് നൽകും. 1996ലെ കേരള പഞ്ചായത്തിരാജ് ചട്ടങ്ങൾ സർക്കാർ ഭേദദഗതി ചെയ്തു. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇന്നിറങ്ങും. നഗരസഭകളുടെയും കോർപറേഷനുകളുടെയും സംരംഭക ലൈസൻസ് ചട്ടങ്ങൾ അടുത്തഘട്ടത്തിൽ പരിഷ്‌കരിക്കും.
നേരത്തെ ലൈസൻസ് നൽകാനുള്ള ചട്ടത്തിൽ ഇല്ലാതിരുന്ന ഇന്റർനെറ്റ് കഫേ, ട്യൂഷൻ സെന്ററുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ആരോഗ്യസേവന ക്ലിനിക്കുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന സമഗ്രമായ ചട്ടഭേദഗതിയാണിത്. ഇതോടെ പഞ്ചായത്തുകൾക്ക് രജിസ്ട്രേഷനും ലൈസൻസും പരമാവധി നൽകി തനത് വരുമാനവും വർദ്ധിപ്പിക്കാം.
വീട്ടിലെ സംരംഭങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതോടെ ബാങ്ക് വായ്‌പ, ജി.എസ്.ടി രജിസ്‌ട്രേഷൻ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനുമാവും. സംരംഭത്തിലെ നിക്ഷേപം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിക്കുക.
സംരംഭങ്ങളെ കാറ്റഗറി ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിക്കും. കാറ്റഗറി ഒന്ന് ഉത്പാദന യൂണിറ്റുകളാണ്. അവയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിലെ യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ല. ഇവ നിശ്ചിത ഫീസടച്ച് രജിസ്റ്റർ ചെയ്യണം. റെഡ്, ഓറഞ്ച് വിഭാഗങ്ങളിലെ യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമാണ്. നിർമ്മാണ യൂണിറ്റുകൾ ഉൾപ്പെടെയാണ് കാറ്റഗറി രണ്ടിൽ. അസംസ്കൃത വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ വെള്ളം,വായു എന്നിവയിലൂടെ പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കും.
കാലാവധി ഒരുവർഷം
രജിസ്ട്രേഷനും ലൈസൻസും വർഷംതോറും പുതുക്കണം. ലൈസൻസ് തീയതി മുതൽ ഒരു വർഷത്തേക്കാണ് കാലാവധി.കുറഞ്ഞ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾക്ക് പ്രത്യേക സ്ലാബ്. മൂലധന നിക്ഷേപം കണക്കാക്കുമ്പോൾ ഭൂമിയുടെയും കെട്ടിടത്തിന്റെയും വില ഒഴിവാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |