
തിരുവനന്തപുരം: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ രാത്രിയിൽ കത്തി നശിച്ചു. ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിനുമുന്നിലാണ് സംഭവം. ഓട്ടോ ഡ്രൈവറും ബിജെപി പ്രവർത്തകനുമായ ആനത്തലവട്ടത്ത് കൃഷ്‌ണാലയത്തിൽ ബാബുവിന്റെ(56) കാർ ഷെഡിലുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ട് ബൈക്കുകൾ, ഒരു സ്‌കൂട്ടി എന്നിവയാണ് കത്തിനശിച്ചത്.
ബാബുവിന്റെ ബന്ധുവായ ചിറയിൻകീഴ് 17-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി റ്റിന്റുവിന്റെ വീടും ദിവസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ കത്തി നശിച്ചിരുന്നു. ഈ സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. ഇതിനിടെയാണ് ബാബുവിന്റെ വീടിന് മുന്നിൽ വാഹനങ്ങൾ കത്തിനശിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ ഒരാൾ ഇത് ബാബുവിന്റെ വീടാണോ എന്നും ഫോൺ നമ്പരും അന്വേഷിച്ചിരുന്നു. ഇയാളെക്കുറിച്ചും അന്വേഷണം നടക്കും. അപകടമുണ്ടായ ഉടൻ ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും അപ്പോഴേക്കും വാഹനങ്ങൾ കത്തിനശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |