ബോളിവുഡ് നടൻ നാനാപടേക്കർ മുഖ്യാതിഥി
തിരുവനന്തപുരം: ഏഴ് രാപ്പകലുകൾ നീളുന്ന സിനിമാക്കാഴ്ചയ്ക്ക് അരങ്ങൊരുക്കി 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്നുതുടങ്ങും. വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് നടൻ നാനാ പടേക്കർ മുഖ്യാതിഥിയാവുമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെനിയൻ സംവിധായിക വനൂരി കഹിയുവിന് സ്‌പിരിറ്റ് ഒഫ് സിനിമ അവാർഡ് മേയർ ആര്യ രാജേന്ദ്രൻ നൽകും. ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം ഇത്തവണത്തെ പാക്കേജുകൾ പരിചയപ്പെടുത്തും. 175 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം മേളയുടെ സമാപനച്ചടങ്ങിൽ സമർപ്പിക്കും.
വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർപേഴ്സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സംവിധായകൻ ശ്യാമപ്രസാദ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്, അക്കാഡമി സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിന് ശേഷം മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഗുഡ്ബൈ ജൂലിയ പ്രദർശിപ്പിക്കും.
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയാണ് അവാർഡ്. രജത ചകോരത്തിന് അർഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷവും നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആർ.മോഹനൻ എൻഡോവ്‌മെന്റ് അവാർഡിന് അർഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |