തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്ക് ഭൂ പരിധിയിൽ ഇളവനുവദിക്കുമ്പോൾ അധികമായി കൈമാറുന്ന ഭൂമിക്ക് ഏക്കറൊന്നിന് 10 കോടിയുടെ അധിക നിക്ഷേപവും 20 തൊഴിലും നൽകണമെന്ന നിലവിലെ വ്യവസ്ഥ കൂടുതൽ ലഘൂകരിക്കണമെന്ന സെക്രട്ടറിതല ശുപാർശ മന്ത്രിസഭായോഗം പരിഗണിക്കാതെ മാറ്റി വച്ചു. പത്ത് കോടിയോ ,
20 തൊഴിലോ എന്നാക്കണമെന്നായിരുന്നു നിർദ്ദേശം.അജൻഡയിലുൾപ്പെടുത്തിയ വിഷയം പാടേ തള്ളിയിട്ടില്ല.
വ്യവസായ സംരംഭങ്ങൾക്കായി ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് വരുത്തിയാണ് വ്യവസ്ഥകളോടെ 15 ഏക്കറിൽ കൂടുതൽ ഭൂമി അനുവദിക്കാമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചത്. ഇപ്രകാരം അനുവദിക്കുന്ന അധിക ഭൂമിക്കാണ് ഏക്കറൊന്നിന് 10 കോടിയുടെ നിക്ഷേപവും 20 തൊഴിലുമെന്ന വ്യവസ്ഥ കൊണ്ടു വന്നത്. ഇത് അപ്രായോഗികമാണെന്ന വ്യവസായ വകുപ്പിന്റെ അഭിപ്രായത്തെ തുടർന്ന് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട സമിതിയാണ് ഭേദഗതി നിർദ്ദേശം വച്ചത്. ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ വ്യവസായ, റവന്യു സെക്രട്ടറിമാർ അംഗങ്ങളായിരുന്നു.
എന്നാൽ,ഈ നിർദ്ദേശത്തെ കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ ശക്തിയായി എതിർത്തു. ഇത് മിച്ചഭൂമി ഇല്ലാതാക്കുമെന്നും ,ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുമെന്നുമാണ് സി.പി.ഐയിലെ മന്ത്രി കെ. രാജൻ ചൂണ്ടിക്കാട്ടിയത്. ഇതേത്തുടർന്ന് തൽക്കാലം ഇത് പരിഗണിക്കേണ്ടെന്ന് ധാരണയായെങ്കിലും, മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ നിന്ന് മാറ്റിയില്ല.എൽ.ഡി.എഫിൽ ധാരണയുള്ളത് കൊണ്ടാണിതെന്നാണ് സൂചന.
ഇടുക്കി, കോന്നി
മെഡി.കോളേജ്:
കോഴ്സിന് അനുമതി
തിരുവനന്തപുരം: ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകൾക്ക് രണ്ടാം വർഷ എം.ബി.ബി.എസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുസംബന്ധിച്ച് നാഷണൽ മെഡിക്കൽ കമ്മിഷന്റെ കത്ത് ലഭിച്ചു. സർക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് 100 സീറ്റുകൾക്ക് വീതം അനുമതി ലഭിച്ചത്. രണ്ടാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് മെഡിക്കൽ കമ്മിഷൻ നിർദ്ദേശിച്ച സൗകര്യങ്ങൾ സജ്ജമാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |