റായ്‌പൂർ: കഴിഞ്ഞ എട്ട് ദിവസത്തോളമായി അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്‌ത്രീകൾക്ക് ഇന്നും ജാമ്യമായില്ല. ബിലാസ്‌പൂരിലെ എൻഐഎ കോടതിയിൽ കേസ് വാദത്തിനിടെ കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ് അതിനാൽ ജാമ്യം നൽകരുതെന്നാണ് ഛത്തീസ്‌ഗഡ് സർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
ഛത്തീസ്‌ഗഡ് സർക്കാർ കോടതിയിൽ എതിർക്കില്ല എന്ന് കേരളത്തിലെ എംപിമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ വാക്കാണ് ഇതോടെ പാഴായത്. കേസിൽ വിധി നാളെ കോടതിയിൽ നിന്നുണ്ടാകും. അറസ്റ്റിലായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ വന്ദനയ്ക്കും സിസ്റ്റർ പ്രീതിയ്ക്കും വേണ്ടി അഡ്വ. അമൃതോ ദാസ് ആണ് എൻഐഎ കോടതിയിൽ ഹാജരായത്. അദ്ദേഹം തന്നെയാണ് ഹൈക്കോടതിയിലും ഹാജരാകുക.
അതേസമയം അമിത് ഷായുടെ വാക്കുകൾ കാറ്റിൽ പറത്തിയതായി തലശേരി ആർച്ച്‌ബിഷപ്പ് മാർ ജോസഫ് പാപ്ളാനി പ്രതികരിച്ചു. കേസിന്റെ വാദത്തിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തത് സാങ്കേതികമായ നടപടി മാത്രമാണെന്നും കേസിന്റെ മെറിറ്റിലേക്ക് കടന്നിട്ടില്ലെന്നും നാളെ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |