SignIn
Kerala Kaumudi Online
Thursday, 19 September 2024 1.47 AM IST

ചിരിയുടെ സൂപ്പർമാൻ, കാലം മായ്ക്കാത്ത കഥാപാത്രങ്ങൾ

Increase Font Size Decrease Font Size Print Page
super

ഇന്നസെന്റിന്റെ ചിരി വെറും ചിരിയായിരുന്നില്ല. റാംജിറാവു സ്പീക്കിംഗിലെ മാന്നാർ മത്തായിയുടെ ചിരിയല്ല, അഴകിയ രാവണനിലെ കരയോഗം പ്രസിഡന്റിന്റേത്.

കഥാപാത്രത്തിന്റെ പൊതുസ്വഭാവം ആദ്യവസാനം നിലനിറുത്തിക്കൊണ്ടാണ് ഇന്നസെന്റ് പ്രേക്ഷകരെ ചിരിപ്പിച്ചത്. ഭാഷയ്ക്കപ്പുറമുള്ള ചിരിയായിരുന്നു അത്.

അഞ്ഞൂറാനോടൊപ്പം ഞെളിഞ്ഞുനടന്ന് ആദ്യ സീനിൽ കടപ്പുറം കാ‌ർത്ത്യായനിയുടെ ചെകിട്ടത്ത് പൊട്ടിക്കുന്ന 'ഗോഡ്ഫാദറി"ലെ സ്വാമിനാഥൻ. ആ സിദ്ധിഖ്‌ലാൽ ചിത്രത്തിലെ ഒരോ ചലനവും അളന്നുമുറിച്ച അഭിനയത്തിന്റെ മാതൃകയാണ്. 'കല്യാണരാമ"നിലെ മിസ്റ്റ‌ർ പോഞ്ഞിക്കരയും 'കിലുക്ക"ത്തിലെ കിട്ടുണ്ണിയുമൊക്കെ പക്കാ കോമഡി കാഥാപാത്രങ്ങൾ.

കാമധേനു ലോട്ടറി ഫലം രേവതി വായിക്കുന്ന സീൻ നോക്കാം.

'ഒന്നാം സമ്മാനം 10 ലക്ഷവും അംബാസിഡർ കാറും..." കിട്ടുണ്ണിയുടെ പ്രതികരണം ''അതൊക്കെ കുറെ കേട്ടിട്ടുണ്ട്"". ഒടുവിൽ നമ്പ‌ർ എല്ലാം ശരിയായപ്പോൾ, ''അടിച്ചു മോളേ...."" എന്നു പറഞ്ഞുള്ള വീഴ്ച. അടുത്ത സീനാണ് ക്ലാസിക്. യജമാനൻ ആയ റിട്ട. ജ‌ഡ്ജിയെ (തിലകൻ) എടോ എന്ന് വിളിച്ചുകൊണ്ടുള്ള ആ വരവ് ആർക്കാണ് മറക്കാൻ കഴിയുക.

''എടോ കോട്ടും സ്യൂട്ടുമിട്ട് ഒരു വിറക് കൊള്ളിയും കടിച്ചുപിടിച്ച് നാലണയ്ക്ക് കൊള്ളാത്ത ലൊടുക്ക കാറിൽ ഇങ്ങനെ ഞെളിഞ്ഞ് ഇരുന്നാലെ സായിപ്പ് ആകില്ല...""

കല്യാണരാമനിലെ മിസ്റ്റർ പോഞ്ഞിക്കര ചോറുവിളമ്പുന്ന സീൻ.

ചേട്ടാ കുറച്ച് ചോറിടട്ടെ,

വേണ്ട,

ലേശം മോരൊഴിച്ച് കഴിക്കാനായിട്ട്

വേണ്ടെന്നു പറ‌ഞ്ഞില്ലേ...

തൈരൊഴിച്ച്...

എടോ തന്നോടല്ലേ പറഞ്ഞത് വേണ്ടെന്ന്.

പോഞ്ഞിക്കര നടന്നു പോകുമ്പോൾ കാരണവര് 'എടോ എന്നാ കുറച്ച് ചോറിട് തൈരും കൂട്ടി കഴിക്കാം."

''എടോ തന്നോട് ഞാൻ 16 പ്രാവശ്യം ഞാൻ ചോറിടട്ടെ ചോറിടട്ടെ എന്നു ചോദിച്ചതല്ലേ ചോറ് എന്നല്ലേ ഞാൻ ചോദിച്ചത്. അക്ഷരംമാറിയിട്ടൊന്നുമില്ലല്ലോ എനിക്ക്. എപ്പോഴും ഇങ്ങനെ കുമ്പിടാനൊന്നും പറ്റില്ല പഴയ ജിംനാസ്റ്റിയാ താനെന്താ വേഷം കെട്ടെടുക്കയാ...

ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ഷാഫി സമീപിച്ചപ്പോൾ ഇന്നസെന്റിന് കഥാപാത്രത്തോട് അത്ര ഇഷ്ടം തോന്നിയില്ല. വെറും കോമ‌ഡി കഥാപാത്രമായി പോയെന്നായിരുന്നു പരാതി. സിനിമ പുരോഗമിക്കുമ്പോഴേക്കും ആ പരാതി തീർന്നു.

മീശമുറുക്കി ചട്ടമ്പി ലുക്കിൽ നിൽക്കുന്ന 'മിഥുന"ത്തിലെ ലൈൻ മാൻ കുറുപ്പ്.

സേതുമാധവന്റെ (മോഹൻലാൽ) ദാക്ഷായണിയമ്മ ബിസ്‌ക്കറ്റ് കമ്പനിക്ക് വിലങ്ങുതടിയാവുന്ന ഉദ്യോഗസ്ഥൻ ഇൻസ്‌പെക്ഷന് വരുമ്പോൾ അപ്രതീക്ഷതാമായാണ് മൂത്ത സഹോദരൻ ലൈൻമാൻ കുറുപ്പ് അവിടേക്കെത്തുന്നത്. സ്വാഭാവികമായി വന്നുനിൽക്കുന്നയാൾ എന്ന് തോന്നിക്കുമെങ്കിലും അധികം വൈകാതെ ആ രംഗത്തെ താരമായി ഇന്നസെന്റ് കഥാപാത്രം മാറുന്നു. ട്രാൻസ്‌ഫോർമേഷനാണ് ഈ സീനിന്റെ നെടുംതൂൺ.

സ്വിച്ചിൽ ഐ.എസ്.ഐ മാർക്ക് എവിടെ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിനു മുന്നിൽ, 'മോന്തയ്‌ക്കൊന്നു കൊടുത്തിട്ട് കണ്ണാടി എടുത്ത് കാണിച്ചുകൊടുക്കെടാ, അപ്പൊ കാണും മാർക്ക്" എന്നാണ് കുറുപ്പിന്റെ മറുപടി. വീടിന്റെ പരിസരത്ത് ആരോ ആഭിചാരക്രിയ നടത്തി എന്ന് വിശ്വസിച്ച് മുറ്റത്തു പൂജ നടത്തുന്ന ജഗതിയുടെ കോൺസ്റ്റബിൾ സുഗതൻ, അളിയൻ കുറുപ്പിന്റെ തല പൊട്ടിത്തെറിക്കും എന്ന് പ്രതീക്ഷിച്ചു നിൽക്കുന്ന നിമിഷത്തിൽ ഒരു ഡയലോഗ് പോലും പറയാതെ കട്ട എക്‌സ്‌പ്രഷൻ ഇട്ടു നിൽക്കുകയാണ് ഇന്നസെന്റ്.

ആയാൾ കഥ എഴുതുകയാണ് എന്ന സിനിമയിലെ മഞ്ചാടി വാരികയുടെ മുതലാളിയെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഇന്നസെന്റല്ലാതെ മറ്റൊരു നടനില്ല. കാബൂളിവാലയിലെ കന്നാസിന്റേത് വേദനനിറഞ്ഞ ചിരിയാണ്. സന്ദേശം എന്ന ചിത്രത്തിൽ ഒറ്റ സീനിലേ ഇന്നസെന്റുള്ളൂ. ഭാരതയാത്ര നടത്തുന്ന യശ്വന്ത് സാഹായിയായി. യശ്വന്ത് നാരിയൽ കാ പാനി ചോദിക്കുന്നതും തുടർന്നുള്ള ചിരി നിമിഷങ്ങളും മലയാളി മറക്കില്ല.

വില്ലൻ ചിരി

ജോൺ പോളിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത 'കേളി"യിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ വഷളത്തരം മുഴുവൻ കാണിച്ചു കൂട്ടുന്ന ലാസർ മുതലാളിയാണ് ഇന്നസെന്റ്. ഹേമ (ശ്യാമ) എന്ന പെൺകുട്ടിയെ അയാൾ കൊല്ലുന്നു. ശവം ചാക്കിൽ കെട്ടി കൊണ്ടു പോകുന്നത് ലാസറിനു വേണ്ടി എന്തും ചെയ്യുന്ന അപ്പൂട്ടി(മുരളി). ഒളിവിൽ കഴിയുന്ന നാളിൽ പെട്ടെന്ന് ലാസറിന്റെ കാറിനു മുന്നിൽ അപ്പൂട്ടി എത്തി 'എന്നെ രക്ഷിക്കണം മുതലാളി...." ലാസർ: നിന്നെ രക്ഷിക്കാൻ ഞാനെന്താ കർത്താവാ? എടാ സംഗതി ആകെ പുലിവാല് പിടിച്ചിരിക്കുകയാ. നീ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കെടാ...''

അപ്പൂട്ടി: ഒളിച്ചൊളിച്ച് ഞാൻ മടുത്തു""

ലാസർ: എന്നാൽ ഒരു കാര്യം ചെയ്യാം. രണ്ട് കുത്ത് ചീട്ട് മേടിച്ചുതരാം നീ ആ ബസ് സ്റ്റാൻഡിൽ പോയിരുന്ന് കളിക്ക്. എടാ നിനക്ക് ഞാൻ ആവശ്യത്തിന് കാശ് തരുന്നില്ലേ?

ശേഷം അപ്പൂട്ടിയെ കാറിടിച്ച് കൊല്ലാനാണ് ലാസറിന്റെ ശ്രമം. എല്ലാം കഴിഞ്ഞ് ഉത്സവമേളത്തിൽ ചിരിച്ചു കളിച്ച് നടക്കുകയാണ്.

സത്യൻ അന്തിക്കാടിന്റെ പിൻഗാമിയിലെ അയ്യങ്കാരാണ് മറ്റൊരു വില്ലൻ കഥാപാത്രം. അമ്മേ മഹാമായേ... മുതലയായും കഴുകനായും ഒരു ശത്രുവിനെയും നീ എന്റ നേരെ അയയ്ക്കല്ലേ. ഞാൻ എന്തു പാപമാണ് ചെയ്തത്. പാപം ചെയ്യാത്തവർ ഈ പട്ടരെ കല്ലെറയട്ടെ എന്ന് പറഞ്ഞ് നോക്ക്.... എന്ന് മണിയടിച്ച് പ്രാർത്ഥിക്കുന്ന അയ്യങ്കാർ.

നെഗറ്റീവ് ചിരി

വില്ലൻ എന്ന നിർവചനത്തിൽ ഉൾപ്പെടില്ലെങ്കിലും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും ഇന്നസെന്റ് മലയാളികളെ ചിരിപ്പിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'പൊന്മുട്ടിയിടുന്ന താറാവി"ലെ പണിക്കരും മഴവിൽക്കാവടിയിലെ കളരിക്കേൽ കിഴക്കാംതുടിയിൽ ശങ്കരൻകുട്ടി മേനോനും നെഗറ്റീവ് ടച്ചുള്ള തനി നാടൻ കഥാപാത്രങ്ങളാണ്.

പൊന്മുട്ടയിടുന്ന താറാവിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന തട്ടാൻ ഭാസ്കരൻ സ്നേഹലതയ്ക്ക് (ഉർവശി) 10 പവന്റെ മാല നൽകിയെന്നറിയുമ്പോൾ പണിക്കരുടെ ഡയലോഗ് 'ഇതൊക്കെ ഒരു സഹോദര സ്നേഹമാണെന്ന് കരുതിയാൽ മതി. സഹോദരനാകാൻ ഒരേ വയറ്റീന്നു തന്നെ വീഴണമെന്നൊന്നും ഇല്ലല്ലോ. ഉണ്ടോ? പത്ത് പവൻ കൃത്യമായിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ അവൻ സഹോദര സ്നേഹമുള്ള ദാനശീലനായ ഒരു തട്ടാനാണ്. ഭാഗീരഥിക്ക് (ഭാര്യ) ഓർമ്മയുണ്ടോ എന്നെനിക്കറിയില്ല. എനിക്ക് ഒരു 17, 18 വയസ് പ്രായമുള്ളപ്പോൾ നമ്മുടെ വാര്യത്തെ സൗദാമിനിയോട് എനിക്കും തോന്നി ഇതുപോലൊരു സഹോദര സ്നേഹം. ആ സ്നേഹത്തിന്റെ പുറത്ത്
ആകുട്ടിക്ക് ഞാൻ ചെറിയൊരു സമ്മാനം കൊടുത്തു. ആളുകളെന്തൊക്കെയാ പറഞ്ഞുണ്ടാക്കിയത്.'ഇത് കേട്ട് മകൾ ചിരിക്കുമ്പോൾ

'ചിരിക്കരുത് അവനിത് തന്നൂവെന്ന് കരുതി ശൃംഗരിക്കാൻ ചെന്നാൽ അരിഞ്ഞ് ഞാൻ തോട്ടിലെറിയും....''

ഈ ഒറ്റ സീനിലുണ്ട് കഥാപാത്രത്തിന്റെ സ്വഭാവം മുഴുവൻ.

മഴവിൽക്കാവടിയിൽ തന്റെ സഹോദരിപുത്രൻ (ജയറാം) നാടുവിട്ട് പഴനിയിൽ ബാർബറായി കഴിയുമ്പോൾ അപ്രതീക്ഷിതമായി അവിടെ എത്തുന്ന ശങ്കരൻകുട്ടി മേനോൻ ജയറാമിനെ കണ്ട് ഞെട്ടുന്നു. പിന്നെ പറയുന്നതിങ്ങനെ: ''കളരിക്കൽ ശങ്കരൻകുട്ടി മേനോന്റെ താടി വടിക്കാൻ കിട്ടുന്നതു പോലും ഒരു സുകൃതാ...""

ചിരിപ്പിക്കാതെ വിസ്മയിപ്പിച്ച ദേവാസുരത്തിലെയും രാവണപ്രഭുവിലെയും വാര്യർ. 'വേഷ"ത്തിലെ പപ്പൻ.....ഇങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ!

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INNACENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.