തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ പി.എം ഇ ബസ് സേവാ പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്ക് വാടകയ്ക്ക് നൽകുന്നത് 38,000 ഇലക്ട്രിക് ബസുകൾ.
ആയിരത്തിലേറെ ബസ് വീതം നേടിയെടുക്കാൻ മറ്റ് സംസ്ഥാനങ്ങൾ മത്സരിക്കുമ്പോൾ കേരളം മടിച്ചു നിൽക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 950 ബസുകൾ ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ അതേ നിസംഗതയാണ് ഇപ്പോഴും. നടപടികൾ വേഗത്തിലാക്കിയാൽ നേരത്തെ അനുവദിക്കാൻ ധാരണയായ 950 ഉൾപ്പെടെ രണ്ടായിരത്തോളം ബസുകൾ നേടിയെടുക്കാൻ കേരളത്തിനാകും.
2025 - 2029 കാലയളവിൽ 3,435.33 കോടി രൂപ ചെലവഴിച്ചാണ് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 38,000 ഇലക്ട്രിക് ബസുകൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നത്. ഓണക്കാലത്ത് ജീവനക്കാർക്ക് ആനുകൂല്യം നൽകുന്നതിനു പോലും ശേഷിയില്ലാതെ പോയ കെ.എസ്.ആർ.ടി.സിക്ക് വലിയ നേട്ടമാകും.
ആൻറണി രാജു മന്ത്രിയായിരിക്കേ, ആദ്യഘട്ടത്തിലെ 950 ഇ-ബസുകൾ ലഭിക്കാൻ സംസ്ഥാന ധനവകുപ്പിന്റെ ഗ്യാരന്റി കേന്ദ്രത്തിന് നൽകാൻ നടപടി തുടങ്ങിയിരുന്നു.മന്ത്രിയായി കെ.ബി.ഗണേശ്‌കുമാർ ചുമതലയേറ്റതോടെ താൽപര്യം കുറഞ്ഞു. അന്നത്തെ സി.എം.ഡി ബിജു പ്രഭാകറുമായി ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള എല്ലാ ടെൻഡറുകളും കെ.എസ്.ആർ.ടി.സി റദ്ദാക്കി. ഒപ്പം കേന്ദ്രത്തിന്റെ 950 ഇ-ബസുകൾക്കുള്ള നടപടികളും മരവിപ്പിച്ചു. അന്ന് മറ്റ് സംസ്ഥാനങ്ങൾക്ക് 3975 ബസുകളാണ് അനുവദിച്ചത്.
നഷ്ടം 10 നഗരങ്ങൾക്ക്
കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് 150 വീതവും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 വീതവും ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങൾക്ക് 50 വീതവും ബസുകൾ ആദ്യഘട്ടത്തിൽ ലഭിക്കേണ്ടതായിരുന്നു.
12 വർഷത്തെ
ഗ്യാരന്റി
1. തരുന്ന ബസുകൾക്ക് 12 വർഷത്തെ മെയിന്റനൻസ് ഗ്യാരന്റിയും ഉറപ്പാക്കുന്ന പുതുക്കിയ പദ്ധതിക്കാണ് സെപ്തംബർ 13ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
2. ഒറ്റ ചാർജ്ജിംഗിൽ 350 കിലോമീറ്റർ വരെ ഓടിക്കാവുന്ന ബസുകളാണ് .കിലോമീറ്ററിന് 54 രൂപയാണ് വാടക. 22 രൂപ കേന്ദ്രം നൽകും. ബാക്കി കേരളം വഹിക്കണം.
3. ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ബസ് നൽകുന്ന സ്വകാര്യ കമ്പനി.ചാർജിംഗ്, നികുതി, ഇൻഷ്വറൻസ് തുടങ്ങിയ ചെലവുകളും അവർ വഹിക്കും.
4. കണ്ടക്ടറെ നിയമിച്ച് ശമ്പളം നൽകേണ്ടതു മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ ചുമതല. കിലോമീറ്ററിന് 8 രൂപയാണ് കണ്ടക്ടറുടെ വേതനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |