തിരുവനന്തപുരം: ഇനി പ്രളയദുരന്തങ്ങളുണ്ടാകുമ്പോൾ വൈദ്യുതി ബന്ധം പോയാലും വാർത്താസംവിധാനം മുടങ്ങില്ല. 14 ജില്ലകളിലും സ്വതന്ത്രസോഫ്ട്വെയർ അധിഷ്ഠിതവും കുറഞ്ഞ വൈദ്യുതിയിലും വോൾട്ടേജ് കുറഞ്ഞ ബാറ്ററിയിൽ പോലും പ്രവർത്തിക്കുന്നതുമായ ലോറാവാൻ ഇന്റർനെറ്റ് വാർത്താവിതരണ ശൃംഖല ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് സമർപ്പിച്ചു.
ഇതിന് പുറമെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഐ.സി ഫോസിന്റെ അഞ്ചു നേട്ടങ്ങളായ ലോറാവാൻ ശൃംഖല,സ്വതന്ത്ര ഹാർഡ്വെയർ വികസന കേന്ദ്രം ഉദ്ഘാടനം, ഐസിഫോസ് സഹായ സാങ്കേതിക വിഭാഗം വികസിപ്പിച്ച രണ്ട് ഉപകരണങ്ങളുടെ പ്രകാശനം, ഇ-ഗവേണൻസ് ഹെല്പ്ഡെസ്കായ, 'സേവിക' ചാറ്റ്ബോട്ട് , ഐസിഫോസ് ജെ.എൻ.യുവിന്റെ ഗവേഷണകേന്ദ്രമാകുന്ന പ്രഖ്യാപനം എന്നിവ മുഖ്യമന്ത്രി നിർവഹിച്ചു.
സ്വതന്ത്ര ഹാർഡ്വെയർ വികസന കേന്ദ്രം വികസിപ്പിച്ചെടുത്ത 'എയർ ക്വാളിറ്റി മോണിറ്റർ വിത്ത് എനർജി ഹാർവെസ്റ്റിംഗ്' ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കറിന് നൽകിയും, വേഡ് ബിൽഡർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. ദീപ ഭാസ്കരന് നൽകിയും, ബ്രെയിൽ പഠന ഉപകരണം വഴുതക്കാട് സർക്കാർ അന്ധവിദ്യാലയം ഹെഡ്മാസ്റ്റർ ബി. വിനോദിന് നൽകിയും,
ഐസിഫോസ് ജെ.എൻ.യുവിന്റെ ഗവേഷണകേന്ദ്രമാകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കറിന് ഫലകം കൈമാറിയും മുഖ്യമന്ത്രി നിർവ്വഹിച്ചു.
സെക്രട്ടറി ആൻഡ് രജിസ്ട്രാർ എം.എസ്. ചിത്ര, ഇ-ഗവേണൻസ് പ്രോഗ്രാം ഹെഡ് ഡോ. രാജീവ് ആർ.ആർ, ഓപ്പൺ ഐ.ഒ.ടി / ഓപ്പൺ ഹാർഡ്വെയർ പ്രോഗ്രാം ഹെഡ് ശ്രീനിവാസൻ ആർ, സഹായ സാങ്കേതികവിദ്യാവിഭാഗം ടെക്നിക്കൽ ഹെഡ് ജയദേവ് ജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ലോറാവാൻ...
കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതും നെറ്റ്വർക്ക് പ്രോട്ടോകോൾ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതുമായ ശൃംഖലയാണ് ലോറാവാൻ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഏത് ഐഒടി ഉപകരണങ്ങളും ഈ ശൃംഖല ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |