കണ്ണൂർ: പൂർണ്ണമായും സർക്കസ് തമ്പിനായി മാറ്റിവച്ച ജീവിതമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ജെമിനി ശങ്കരന്റേത്. ഏഴാം ക്ളാസ് കഴിഞ്ഞപ്പോൾ ചിറക്കരയിലെ സർക്കസ് കുലഗുരു കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിൽ ചേർന്നതോടെയാണ് തമ്പിനോട് കമ്പം കയറിയത്. ഇന്ത്യയിലെ പ്രശസ്തരായ സർക്കസുകാരെല്ലാം കീലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യരായിരുന്നു. അതിനിടെ പട്ടാളത്തിൽ വയർലെസ് ഒബ്സർവർ കോർ എന്ന യൂണിറ്റിൽ ജോലി കിട്ടിയെങ്കിലും അധികം വൈകാതെ അതു ഉപേക്ഷിച്ച് തമ്പിലേക്ക് മടങ്ങി.
ഗുജറാത്തിലെ ബിലിമോറയിലായിരുന്നു ജെമിനി സർക്കസിന്റെ ആദ്യപ്രദർശനം. അതുവരെയുണ്ടായിരുന്ന സർക്കസ് ഇനങ്ങളെല്ലാം പരിഷ്‌കരിച്ചു. ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന ക്രോസ് ട്രിപ്പീസ്, റോപ് ഡാൻസ്, ജീപ്പ് ജംപ്, കമ്പിക്ക് മുകളിലൂടെയുള്ള നടത്തം ഇതൊക്കെ ആരംഭിച്ചതോടെ ജനങ്ങൾ സർക്കസ് കൂടാരത്തിലേക്കൊഴുകി. ഗറില്ല, ചിമ്പാൻസി, സീബ്ര, ഹിപ്പൊപൊട്ടാമസ് തുടങ്ങിയ മൃഗങ്ങളും ജെമിനിയിലെത്തി. നാലുവർഷംകൊണ്ട് ഇന്ത്യയിൽ ഏറ്റവും വലിയ ഷോ നടത്തുന്ന കമ്പനിയായി ജെമിനി മാറി.
ജെമിനി ജനപ്രിയമായതോടെ പുതിയൊരു സർക്കസ് കമ്പനി കൂടി ആരംഭിക്കണമെന്ന ചിന്ത ഉദിച്ചു. അപ്പോഴാണ് മറ്റൊരു സർക്കസ് കമ്പനി നിർത്താൻ പോകുന്നുവെന്ന വിവരം അറിഞ്ഞത്. അത് ഏറ്റെടുത്തു. അങ്ങനെ 1977 ഒക്‌ടോബറിൽ ജംബോ സർക്കസിന്റെ ആരംഭം. ജംബോ എന്ന പേരിലുള്ള ജെറ്റ് വിമാനങ്ങൾ ജനങ്ങളെ ആകർഷിച്ചു തുടങ്ങിയ സമയമായിരുന്നു അത്. 2010ൽ ജംബോ രണ്ട് കമ്പനിയാക്കി വിഭജിച്ചു.
നെഹ്‌റുവിനെ ക്ഷണിച്ചു
ഡൽഹിയിലെ ജംബോ സർക്കസിന്റെ ഉദ്ഘാടന പ്രദർശനത്തിൽ ഒരു തവണ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ വിളിക്കണമെന്ന ആഗ്രഹം ശങ്കരനിലുണ്ടായി. പ്രധാനമന്ത്രിയെ കാണാൻ ഇന്നത്തെ പോലുള്ള യാതൊരു സാങ്കേതിക തടസങ്ങളും ഉണ്ടായിരുന്നില്ല. ചെന്നുകണ്ട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ക്ഷണം സ്വീകരിച്ചു.
ജെമിനി സർക്കസ് കാണാൻ ലോക പ്രശസ്തരായ ഒട്ടേറെപ്പേർ വന്നിട്ടുണ്ട്. ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ, ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി വാലന്റീന തെരഷ്‌കോവ, ചന്ദ്രനിൽ ആദ്യമിറങ്ങിയ നീൽ ആംസ്‌ട്രോംഗ്, റഷ്യൻ പ്രസിഡന്റായിരുന്ന ക്രൂഷ്‌ചെവ്, ഇന്ത്യൻ പ്രസിഡന്റുമാരായിരുന്ന രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ, പ്രധാനമന്ത്രിമാരായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി, മൊറാർജി ദേശായി, രാജീവ് ഗാന്ധി, ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോൻ, ദലൈലാമ തുടങ്ങി ഒട്ടനവധി പേർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |