പറവൂർ:കോൺഗ്രസിൽ ഈഴവർ അന്യം നിൽക്കുന്ന സ്ഥിതിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.സാമുദായിക സമവായത്തിലൂടെ കോൺഗ്രസ് പുനഃസംഘടന നടത്തിയപ്പോൾ പ്രസിഡന്റ് സ്ഥാനം ക്രൈസ്തവന് നൽകി. ഒരു പ്രാധാന്യവുമില്ലാത്ത യു.ഡി.എഫ് കൺവീനർ സ്ഥാനമാണ് ഈഴവന് ലഭിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.യോഗം പറവൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ദർശനോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് താൻ പറഞ്ഞത് സത്യമായ കാര്യങ്ങളായതിനാലാണ് ഉറച്ചു നിന്നത്. മലപ്പുറം ജില്ലയിൽ ഈഴവ സമുദായത്തിന് ഒരു കോളേജ് പോലുമില്ല, 17 കോളേജുകളും മുസ്ലീം വിഭാഗത്തിലെ സമ്പന്ന വ്യക്തികളുടേതാണ്. സർക്കാരിന്റെ പണമാണ് ഇവിടെ ശമ്പളമായി നൽകുന്നത്. കേരള ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന ഈഴവ സമുദായത്തിന് ആകെയുള്ളത് 13 കോളേജുകളാണ്. ഏഴ് ജില്ലകളിൽ ഒരു കോളേജ് പോലുമില്ല. അധികാര സ്വാധീനത്തിൽ സമൂഹ്യനീതി നിഷേധിച്ച് സാമ്രാജ്യങ്ങൾ കെട്ടിയുണ്ടാക്കിയ മുസ്ലിം
ലീഗിന്റെ രാഷ്ട്രീയത്തെ കുറ്റപ്പെടുത്തിയപ്പോൾ മലപ്പുറത്തെയും മുസ്ലിം സമുദായത്തെയും ആക്ഷേപിച്ചതായി വ്യാഖ്യാനിച്ചു. ഇതിന്റെ പേരിൽ തന്റെ കോലം പലയിടത്തും കത്തിച്ചു. ഇതിനെതിരെ യോഗം പ്രവർത്തകർ തിരിച്ച് തങ്ങളുമാരുടെ കോലം കത്തിക്കാൻ തുടങ്ങിയതോടെയാണ് ആ പരിപാടി അവർ നിറുത്തിയത്. സംഘടന കൊണ്ട് ശക്തരായാൽ മാത്രമേ സമുദായത്തിന് പിടിച്ചു നിൽക്കാൻ സാധിക്കൂവെന്നതിന് ഉദാഹരണമാണിത്.
സംവരണ മുന്നണിയുണ്ടാക്കി സമരം നടത്തിയവർ അധികാരത്തിൽ വന്നപ്പോൾ നരേന്ദ്രൻ കമ്മിഷനിലൂടെ മുസ്ലീം വിഭാഗത്തിന് സ്പെഷ്യൽ റിക്യൂട്ട്മെന്റ് നടത്തി. ഒപ്പം നിന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ല. ഈഴവർ എല്ലായിടങ്ങളിലും എപ്പോഴും കബളിപ്പിക്കപ്പെടുന്നു. അറിവിനോടൊപ്പം തിരിച്ചറിവും ഉണ്ടാകേണ്ട കാലമാണിത്. ഗുരുവിനെ ഓരോരുത്തരും അവരവരുടെ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നു. ഗുരു നമുക്ക് ഈശ്വരനാണ്, ഗുരുദേവന്റെ ഈശ്വരീയത ഗുരുവിന്റെ കൃതിയിലൂടെ തന്നെ അറിയാനാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യോഗം നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ ജനറൽ സെക്രട്ടറിയെ മുഖ്യാതിഥിയായ മന്ത്രി പി. രാജീവ് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |