കൊച്ചി: നാലു വർഷം മുമ്പ് നിശ്ചയിച്ച ഏകീകൃത കുർബാന നടപ്പാക്കാനുള്ള നടപടികൾ സിറോമലബാർ സഭയെ വീണ്ടും കുരുക്കിലാക്കി. കുർബാന നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ആർച്ച് ബിഷപ്പിനെ ഒരു പകൽ മുഴുവൻ വിശ്വാസികൾ തടഞ്ഞുവച്ചതോടെ സമവായനീക്കം പ്രതിസന്ധിയിലായി.സഭാനുകൂലികളും ഏകീകൃത കുർബാന വിരുദ്ധരും തമ്മിലുള്ള പോരിന് ഫ്രാൻസിസ് മാർപാപ്പ മരിക്കും മുമ്പ് രേഖാമൂലം നിർദ്ദേശം നൽകിയിട്ടും പരിഹാരമായിരുന്നില്ല. ഏകീകൃത കുർബാനയെ അംഗീകരിക്കാത്ത വൈദികർക്കെതിരെ ആരംഭിച്ച നടപടികളും പൂർത്തിയാക്കാനായില്ല.
എറണാകുളം അങ്കമാലി അതിരൂപതുടെ ചുമതലയിൽ നിന്ന് മേജർ ആർച്ച് ബിഷപ്പ് ഒഴിവായതോടെ സിനഡ് നിയമിച്ച മെത്രാപ്പൊലീത്തൻ വികാരിയായ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിക്കാണ് ഭരണച്ചുമതല. കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിൽ കയറിയ വിശ്വാസികൾ അദ്ദേഹത്തെ തടഞ്ഞു വച്ചു. സഭയെ അനുകൂലിക്കുന്ന ഏക കുർബാന, ഏകസഭ എന്ന സംഘടനാ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഏകീകൃത കുർബാനയെ അംഗീകരിക്കാത്ത വൈദികരുമായി രഹസ്യധാരണ ആരോപിച്ചായിരുന്നു തടഞ്ഞുവയ്‌ക്കൽ. പാംപ്ളാനി രാജി വയ്‌ക്കണമെന്നാണ് ആവശ്യം.
ഏകീകൃത കുർബാനയ്‌ക്കൊപ്പം ജനാഭിമുഖ കുർബാനയും അനുവദിക്കണമെന്നാണ് വൈദിക കൂട്ടായ്‌മയായ അതിരൂപത സംരക്ഷണസമിതി, വിശ്വാസി സംഘടനയായ അൽമായ മുന്നേറ്റം എന്നിവ ആവശ്യപ്പെടുന്നത്. ഇവയെ അനുകൂലിക്കുന്ന വൈദികരുള്ള പള്ളികൾ ഏകീകൃത കുർബാന അർപ്പിക്കാൻ തയ്യാറായിട്ടില്ല. ഇവരുമായി സമവായത്തിന് ശ്രമിച്ചതാണ് സഭാനുകൂലികളെ പ്രകോപിപ്പിച്ചത്.
'ഏകീകൃതകുർബാന പൂർണമായും നടപ്പാക്കാനുള്ള ധൈര്യം സഭാനേതൃത്വം കാട്ടണം. അതുവരെ പ്രതിഷേധം തുടരും".
- മത്തായി മുതിരേന്തി, ഏക കുർബാന, ഏക സഭ
'ഗുണ്ടായിസത്തിലൂടെ ഏകീകൃത കുർബാന അർപ്പിക്കാമെന്ന വ്യാമോഹം അസ്ഥാനത്താണ്"
- ഫാ. ജോസ് വൈലികോടത്ത്, അതിരൂപത സംരക്ഷണസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |