ദിവസങ്ങൾക്ക് മുമ്പായിരുന്നു തിരുവനന്തപുരം കിളിമാനൂരിൽ റാപ്പർ ഗായകൻ വേടന്റെ സംഗീത പരിപാടി അവസാന നിമിഷം റദ്ദാക്കിയത്. പരിപാടിയുടെ ഭാഗമായ ഒരു ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കേണ്ടിവന്നത്. പിന്നാലെ വേടനെ കാണാനെത്തിയ ആരാധകർ സ്റ്റേജിലേക്കും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ചെളിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇങ്ങനെ പ്രതിഷേധിച്ചതിനെ തുടർന്ന് മൈക്ക് ബോക്സിന്റെയും ലൈറ്റ് സംവിധാനത്തിന്റെ ഉള്ളിലും ചെളി കയറി നശിച്ചിരുന്നു. ഇപ്പോഴിതാ തങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പറയുകയാണ് പരിപാടിയുടെ മൈക്ക് സെറ്റ് ഒരുക്കിയവർ.
വേടന്റെ പരിപാടിക്ക് സ്റ്റേജിൽ ക്രമീകരിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങളാണ് ചെളി കയറിയ അവസ്ഥയിൽ കിടക്കുന്നത്. ഇതിന് എന്തുമാത്രം നഷ്ടം വന്നുവെന്ന് അറിയാൻ നിങ്ങൾ ഈ വീഡിയോ കണ്ടാൽ അറിയാം. വേടന്റെ ആരാധകർ അറിയാൻ, നിങ്ങൾ കാണിച്ചത് വെറും മോശമായ കാര്യമാണെന്ന് അവർ പറഞ്ഞു. ഇത്രയും നഷ്ടങ്ങൾ ഉണ്ടാക്കിയ ആരാധകർക്ക് നന്ദി പറയുകയാണെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'കിളിമാനൂര് വച്ച് നടന്ന വേടന്റെ പരിപാടിക്ക് സ്റ്റേജിൽ ക്രമീകരിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങളാണ് ഈ അവസ്ഥയിൽ കാണുന്നത്. കുറച്ചുപേരുടെ ഉപജീവനമാർഗമായിരുന്നു. അതിന് എന്തുമാത്രം നഷ്ടം വന്നു എന്ന് ഈ വീഡിയോ കണ്ടാൽ അറിയാം. ആരാധകർ അറിയുവാൻ നിങ്ങൾ കാണിച്ചത് വെറും മോശമായ ഒരു കാര്യമാണ്. മൂന്നു ദിവസത്തെ കഷ്ടപ്പാടാണ്. നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ അവിടെ വന്നത്. നിങ്ങൾക്ക് വേടന്റെ സൗണ്ട് കേൾക്കാനായി. ഇരുട്ടിൽ വേടനെ കാണാനായി. വേടനെ കാണാനായി സജ്ജീകരിച്ച സാധനങ്ങളാണ് നിങ്ങൾ നശിപ്പിച്ചത്. ഇത്രയും നഷ്ടങ്ങൾ ഉണ്ടാക്കിയ ആരാധകർക്ക് നന്ദി'- മൈക്ക് സെറ്റ് ഒരുക്കിയവർ കുറിപ്പിൽ പറയുന്നു.
പുല്ലുവിളാകം ശ്രീഭദ്ര ദുർഗാ ദേവീ ക്ഷേത്രത്തിലെ അത്തം മഹോത്സവത്തോടനുബന്ധിച്ചാണ് ഊന്നൻ കല്ലിൽ രാത്രി 8.30ന് വേടന്റെ സംഗീതനിശ നടത്താൻ തീരുമാനിച്ചത്. എന്നാൽ പരിപാടിക്ക് എൽഇഡി വോൾ ഒരുക്കാൻ വന്ന ടെക്നീഷ്യൻ ആറ്റിങ്ങൽ സ്വദേശി കോരാണി ഇടയ്‌ക്കോട് ഇളയന്റെ വിളവീട്ടിൽ ലിജു ഗോപിനാഥാണ് ഷോക്കേറ്റ് മരിച്ചത്. ഇതേത്തുടർന്ന് സംഗീത പരിപാടിക്ക് എത്താൻ കഴിയില്ലെന്ന് വേടൻ അറിയിച്ചതായി സംഘാടകർ അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |