
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റ് (കൊല്ലാനോ ഉപദ്രവിക്കാനോ ഉള്ളവരുടെ ലിസ്റ്റ്) പുറത്ത്. കേരളത്തിൽ 950 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ ജഡ്ജിയും നേതാക്കളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയെ അറിയിച്ചത്. വിവിധ കേസുകളിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്നാണ് ഹിറ്റ്‌ലിസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
എൻഐഎ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി പരിഗണിക്കവെയാണ് ഹിറ്റ്‌ലിസ്റ്റിനെക്കുറിച്ച് കോടതിയെ അറിയിച്ചത്. ലിസ്റ്റിൽ ഉള്ളവരെ ഇല്ലാതാക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നതായും കോടതിയെ അറിയിച്ചു.
തങ്ങളുടെ സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളെയാണ് പോപ്പുലർ ഫ്രണ്ടുകാർ ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻഐഎ അറസ്റ്റിലായ സിറാജുദ്ദീൻ, ഇപ്പോൾ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ അബ്ദുൾ വഹദ്, അയൂബ് എന്നിവരുടെ പക്കൽ നിന്നും ലിസ്റ്റിലുള്ളവരുടെ പട്ടിക ലഭിച്ചിട്ടുണ്ട്. ജാമ്യഹർജി നൽകിയ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും തങ്ങൾ നിരപരാധികളാണെന്നാണ് കോടതിയിൽ വാദിച്ചത്. എന്നാൽ അറസ്റ്റിലായവർക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യ ഹർജികൾ തളളുകയായിരുന്നു.
ആലുവയിലെ പെരിയാർവാലി ക്യാംപസിലാണ് പോപ്പുലർ ഫ്രണ്ടുകാർ ആയുധപരിശീലനം നടത്തിയിരുന്നതെന്നാണ് എൻഐഎ പറയുന്നത്. ഈ കേന്ദ്രം സർക്കാർ നേരത്തേ പൂട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |