
തിരുവനന്തപുരം : അധികാരത്തിലിരിക്കുമ്പോൾ വിമർശിക്കുന്നത് ആർക്കും ഇഷ്ടമല്ലെന്നും അത് കസേരയുടെ കുഴപ്പമാണെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു.
മാസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രങ്ങൾ വിമർശിക്കരുത്, ആരും എതിരായി സംസാരിക്കരുത്, എഴുതരുത് എന്ന ചിന്ത കസേരയിൽ ഇരിക്കുമ്പോഴുള്ളതാണ്. ഇ.എം.എസിനെ ഇരുത്തികൊണ്ട് പത്രാധിപർ നടത്തിയ കുളത്തൂർ പ്രസംഗം എക്കാലവും പ്രസക്തമാണ്. ഉയർന്ന സ്ഥാനങ്ങളിൽ സംവരണം വേണ്ടെന്ന് തീരുമാനിച്ച അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനെതിരായ നിശിതമായ വിമർശനമായിരുന്നു പത്രാധിപരുടേത്. പിന്നാലെ ഇ.എം.എസ് അത് പിൻവലിച്ചു. സ്വന്തം സർക്കാരിനെതിരെ തൂലികാനാമത്തിൽ വിമർശനമാത്മകമായ ലേഖനങ്ങളെഴുതിയ വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്റു. തനിക്കെതിരെ കാർട്ടൂൺ വരയ്ക്കുന്ന ശങ്കറിനെ വീട്ടിൽ വിളിച്ച് പ്രഭാത ഭക്ഷണം നൽകിയ പാരമ്പര്യമായിരുന്നു നെഹ്റുവിന്റേത്. ഭരണാധികാരികളും ഭരണകൂടങ്ങളും വിമർശിക്കപ്പെടണം. എന്നാൽ മാത്രമേ തെറ്റ് തിരുത്താനാകൂ. അവിടെയാണ് മാദ്ധ്യമങ്ങളുടെ പങ്ക്. ജനാധിപത്യത്തിൽ വിമർശനം അനിവാര്യമാണ്. അല്ലതെ പാടിപ്പുകഴ്ത്തുക മാത്രമല്ല ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ജനാധിപത്യം ശക്തിപ്പെടൂ, പലഘട്ടങ്ങളിലും കേരളകൗമുദി എന്നെ വിമർശിച്ചിട്ടുണ്ട്. ആ വിമർശത്തിന് എന്തെങ്കിലും കാമ്പുണ്ടോയെന്ന് പരിശോധിച്ച് തിരുത്താൻ ശ്രമിക്കാറുണ്ട്. ചീഫ് എഡിറ്റർ ദീപുരവി പത്രാധിപർ കെ.സുകുമാരന്റെ പാരമ്പര്യം മുറുകെപിടിച്ചാണ് മുന്നോട്ടുപോകുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ദീപുരവി ഈ വേദിയിൽ തുറന്ന് പറഞ്ഞത് പത്രാധിപരുടെ ശൈലിയാണ്.
കേരളകൗമുദി കേരളത്തിന്റെ ചരിത്രഗതിയെ നിയന്ത്രിച്ച പത്രമാണ്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ നീതിക്കും ന്യായത്തിനും വേണ്ടി നടന്ന പോരാട്ടങ്ങളുടെ കഥപറയാൻ കഴിയുന്ന ഏക പത്രം കേരളകൗമുദി മാത്രമാണ്. പുരോഗമന ആശയങ്ങളെ നെഞ്ചോട് ചേർക്കുകയും ഭരണകൂടങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്ന പാരമ്പര്യം കേരളകൗമുദി എന്നും പിന്തുടരുന്നു.
കേരളകൗമുദിയ്ക്കു കൃത്യമായ നയമുണ്ട്. വാർത്തകളിൽ അത് പ്രകടിപ്പിക്കാറില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെങ്കിലും വാർത്തകൊടുക്കും. നയത്തിലോ വിശ്വാസത്തിലോ മാറ്രം വരുത്തില്ല. അതാണ് പത്രാധിപർ പിന്നീടുള്ള പത്രപ്രവർത്തകരെ പഠിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും വലിയ സംഭാവന ജാതിയ്ക്കും മതത്തിനുമെതിരായ ദർശനമാണ്. അത് പരിപൂർണമായി ഉൾക്കൊണ്ട് കേരളത്തിന്റെ സാമൂഹ്യജീവിത്തിൽ വമ്പിച്ച മാറ്റത്തിന് നേതൃത്വംകൊടുക്കാൻ കേരളകൗമുദിയ്ക്ക് സാധിക്കുന്നു. കേരളത്തിൽ പത്രങ്ങൾക്ക് വിശ്വാസ്യത കൂടുതലാണ്. ചാനലിൽ വാർത്തകണ്ടാലും പത്രം നോക്കി അത് ശരിയാണോയെന്ന് ഉറപ്പിക്കും. തിരുവിതാംകൂറിൽ ശുദ്ധമായ മലയാളം പഠിപ്പിച്ചത് കേരളൗമുദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |