
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ സ്വദേശി രാകേശാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. അപകടത്തിൽ രാകേശിന് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
തൃശൂർപൂരം തിരുവമ്പാടി വിഭാഗം വെടിക്കെട്ട് സാമഗ്രി നിർമ്മാണശാലയിൽ കഴിഞ്ഞ 21നാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയിരുന്നു. മലപ്പുറം എടപ്പാൾ വട്ടംകുളം കന്നേലിപറമ്പിൽ ഉണ്ണിക്കൃഷ്ണനാണ് ( ബാബു 57) ഇന്നലെ രാത്രി 8.45ഓടെ മരിച്ചത്. ബേൺസ് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണനെ അതീവ ഗുരുതരാവസ്ഥയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞദിവസം വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് വീട്ടിൽ സതീഷ് (46) മരിച്ചിരുന്നു. തിരിച്ചറിയാതെ മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധന നടത്തി ഫലം കാത്തിരിക്കുകയാണ് അധികൃതർ. യുദ്ധകാല അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാക്കി കളക്ടർ ശിഖ സുരേന്ദ്രന് ഫലം നൽകിയതായി റിപ്പോർട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്റെ മൃതദേഹം പൊലീസ് നടപടിക്രമം പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് കൈമാറും.
അതേസമയം, ദുരന്തത്തിന് ഇടയാക്കിയത് കനത്ത ചൂടല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടിന്റെ സാദ്ധ്യത പരിശോധിക്കുകയാണ്. ചൂടല്ല കാരണമെന്നാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |