തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം എബ്രഹാമിനെതിരെ സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ താൻ കോടതിയെ സമീപിച്ചതിനു പിന്നാലെ എബ്രഹാം തനിക്കെതിരെയാണ് ഗൂഢാലോചന നടത്തിയതെന്ന് കത്തിൽ പറയുന്നു.തന്നോട് എബ്രഹാമിന് വ്യക്തി വിരോധമുണ്ട്. താൻ ഗസ്റ്റ്ഹൗസ് ദുരുപയോഗം ചെയ്തുവെന്ന എബ്രഹാമിന്റെ ആരോപണം ഹൈക്കോടതി തള്ളിയതാണ്. അതിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. ഹൈക്കോടതി തള്ളിയ കാര്യങ്ങൾ പിന്നീട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത് അന്വേഷിക്കാൻ നിയമം അനുവദിക്കുന്നില്ല.
നിയമപ്രകാരം ഒരാളുടെ അഴിമതി പുറത്തുകൊണ്ടുവരാൻ ഏതൊരു വ്യക്തിയുമായി സംസാരിക്കുന്നതും ഗൂഢാലോചനയല്ല. കെ.എം.എബ്രഹാമിന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പറഞ്ഞതെന്ന വാദം കള്ളമാണ്.എബ്രഹാം ഒരു രേഖയും ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നില്ല. രണ്ടുപേരുമായി താൻ ഗൂഢാലോചന നടത്തിയെന്ന് ഇപ്പോൾ പറയുന്ന ആരോപണം വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട സമയത്തുമുള്ളതാണ്.സി.ബി.ഐഅന്വേഷണത്തിന്റെ ജാള്യത മറയ്ക്കുവാനും ശ്രദ്ധ തിരിക്കാനും വേണ്ടിയാണ് എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |