മലപ്പുറം: കേരളത്തിൽ അതിവേഗ റെയിൽപാത വേണമെന്നും സംസ്ഥാന സർക്കാർ തയ്യാറാണെങ്കിൽ രാഷ്‌ട്രീയം നോക്കാതെ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്നും മെട്രോമാൻ ഇ ശ്രീധരൻ. സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ല. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിന് അനുയോജ്യം. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂർകൊണ്ട് കണ്ണൂരിലെത്താമെന്നും ശ്രീധരൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെത്തി ഇ ശ്രീധരനുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രീധരന്റേതെന്ന പേരിൽ പ്രസ്‌താവന പുറത്തുവന്നു. ഇതിൽ വ്യക്തത വരുത്തിയാണ് ശ്രീധരൻ വിശദീകരിച്ചത്. കെ റെയിൽ പദ്ധതിയിൽ മാറ്റം വേണമെന്ന് വ്യക്തമാക്കുന്ന ശ്രീധരന്റെ റിപ്പോർട്ട് കെ വി തോമസ് വഴി മുഖ്യമന്ത്രിയ്ക്ക് കൈമാറി.
ആദ്യം സെമി ഹൈസ്‌പീഡ് റെയിൽ ആണ് വേണ്ടതെന്നും പിന്നീട് ഇത് ഹൈസ്‌പീഡാക്കാമെന്നും ശ്രീധരൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുതിയ പാതയെ ദേശീയ റെയിൽ പാതയുമായി ബന്ധിപ്പിക്കണം. നിലവിലെ കെ റെയിൽ പദ്ധതിപ്രകാരം ദേശീയ റെയിൽ പാതയുമായി ബന്ധിപ്പിക്കാനാവില്ല. ബ്രോഡ്‌ഗേജ് സംവിധാനത്തിലേയ്ക്ക് മാറിയാൽ മാത്രമേ ഇതിന് സാദ്ധ്യമാവുകയുള്ളൂ. മംഗലാപുരം ഉൾപ്പെടെ കേരളത്തിന് പുറത്തേയ്ക്കും ഹൈസ്‌പീഡ് പാത നീട്ടിയാൽ മാത്രമേ പദ്ധതി പ്രായോഗികമാവുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിയ്ക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ പ്രധാന പ്രശ്‌നം. ഇത്രയും ഭൂമിയേറ്റെടുക്കുന്നത് പ്രായോഗികമല്ല. ആയിരക്കണക്കിന് പേരെ പുനഃരധിവസിപ്പിക്കേണ്ടിവരും. ഇരുഭാഗത്തും ഉയരത്തിൽ മതിൽക്കെട്ടി വേർതിരിക്കുന്നതിനാൽ പ്രാദേശിക യാത്രയെയും ചുറ്റുപ്പാടിനെയും ബാധിക്കും. മൂവായിരത്തിൽ അധികം പാലങ്ങൾ വേണ്ടിവരും കെ റെയിൽ നിർമിക്കാൻ. ഇതിനുള്ള ചെലവുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും റിപ്പോർട്ടിൽ ശ്രീധരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |