
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന്റെ നടപടികൾ വേഗത്തിലാക്കാനൊരുങ്ങി എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്‌ച കോടതിയെ സമീപിച്ചേക്കും എന്നാണ് വിവരം. നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ഉടൻ ഉണ്ടാകും. എസ്ഐടി പ്രതിചേർത്ത എല്ലാവരെയും പ്രതികൾ ആക്കിയാണ് കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തട്ടുള്ളത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡി അന്വേഷണം. ഏറ്റവും ഒടുവിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതിപ്പട്ടികയിൽ ഉണ്ടാകും. 2019ലെ സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നതിലാണ് അന്വേഷണമെങ്കിലും 2025 വരെയുള്ള വിഷയങ്ങൾ ഇഡി അന്വേഷണ പരിധിയിൽ വരും.
അതേസമയം, ഇന്നലെ തന്ത്രിയെയും അറസ്റ്റ് ചെയ്‌തതോടെ സ്വർണക്കൊള്ളക്കേസിൽ അടുത്തത് ആരെന്നതിൽ ആകാംഷ ഉയരുകയാണ്. ഉന്നതരായ ചിലർ ഇനിയും പിടിയിലാവാനുണ്ടെന്ന് എസ്ഐ.ടി പറയുന്നു. തന്ത്രിയെ ചോദ്യംചെയ്യുന്നതോടെ പല ചോദ്യങ്ങൾക്കും ഉത്തരമാകും. സ്വർണപ്പാളികൾ കടത്തിയതെങ്ങോട്ട് എന്നതടക്കം ഇനി വേണം കണ്ടെത്താൻ.
ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും സംശയമുനയിലാണ്. ചോദ്യം ചെയ്യലിൽ എസ്ഐടിയുടെ ചോദ്യങ്ങളെല്ലാം കടകംപള്ളി നിഷേധിച്ചിരുന്നു. മൊഴിയിലെ വിവരങ്ങൾ എസ്ഐടി പരിശോധിക്കുകയാണ്. വൈരുദ്ധ്യം കണ്ടെത്തിയാൽ കടകംപള്ളിക്കും കുരുക്കാവും. ബോർഡംഗമായിരുന്ന ശങ്കരദാസിനെ ഉടൻ അറസ്റ്റ് ചെയ്യും. 2025ൽ സ്വർണം പൂശാൻ അനുമതി നൽകിയ അന്നത്തെ ബോർഡ് പ്രസിഡന്റ് പ്രശാന്തിനെ വീണ്ടും ചോദ്യംചെയ്തേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |