തൃശൂർ: സാഹിത്യ അക്കാദമി ഉൾപ്പടെയുള്ള ഔദ്യോഗിക പദവികളിൽ നിന്ന് ഒഴിവാകുന്നതായി കവി കെ സച്ചിദാനന്ദൻ അറിയിച്ചു. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവിക വേദി തുടങ്ങിയ എല്ലാ ചുമതലകളിൽ നിന്നും പിൻവാങ്ങുന്നവെന്നാണ് അദ്ദേഹം അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അനാരോഗ്യം കാരണമാണ് പിൻമാറ്റം.
'എനിക്ക് ഭൂമിയിൽ വളരെ കുറച്ച് സമയമേ ഉള്ളൂവെന്ന മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നു. എനിക്ക് ലാപ്ടോപ്പിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. ഞാൻ ഒരു സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നു',- സച്ചിദാനന്ദൻ കുറിച്ചു.
നവംബറിന്റെ തുടക്കത്തിൽ തനിക്ക് താത്കാലിക മറവി രോഗം ബാധിച്ചതിനാൽ പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കവിതയുമായി ബന്ധപ്പെട്ടവയിലും ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും മാത്രമേ പങ്കെടുക്കൂവെന്നുമാണ് അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം, സച്ചിദാനന്ദൻ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവായത് അറിയില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി അബൂബക്കർ പറഞ്ഞു. ആരോഗ്യ കാരണങ്ങളാൽ രണ്ടാഴ്ച വിശ്രമമാണ് തേടിയത്. ഇന്ന് അക്കാദമി കാര്യങ്ങൾ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |