
പത്തനംതിട്ട: എസ്‌ഡിപിഐയുടെ പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാജിവച്ചു. പത്തനംതിട്ട കോട്ടാങ്ങലിൽ യുഡിഎഫ് പ്രതിനിധി കെ വി ശ്രീദേവിയാണ് രാജിവച്ചത്. അഞ്ച് യുഡിഎഫ് അംഗങ്ങൾക്കൊപ്പം മൂന്ന് എസ്‌ഡിപിഐ അംഗങ്ങൾ കൂടി വോട്ട് ചെയ്തതോടെയാണ് ശ്രീദേവി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥിയായ മായാദേവിക്ക് ലഭിച്ചത് അഞ്ച് വോട്ടുകൾ മാത്രമായിരുന്നു.
എസ്‌ഡിപിഐയുടെ പിന്തുണയോടെ ഭരണം നടത്തേണ്ടതില്ലെന്ന പാർട്ടി നേതൃത്വത്തിന്റെ കർശന നിർദേശത്തെത്തുടർന്നാണ് രാജിയെന്നാണ് ശ്രീദേവിയുടെ വിശദീകരണം. എസ്‌ഡിപിഐയുടെയോ ബിജെപിയുടെയോ എൽഡിഎഫിന്റെയോ പിന്തുണയോടെ പഞ്ചായത്ത് ഭരിക്കാൻ തങ്ങൾ തയ്യാറല്ലെന്നും നേതൃത്വം തീരുമാനിച്ച പ്രകാരം ടോസ് ലഭിക്കുകയാണെങ്കിൽ മാത്രമേ ഭരണം ഏറ്റെടുക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
അതേസമയം, ബിജെപിയെ ഒരു കാരണവശാലും ഭരണത്തിൽ കൊണ്ടുവരരുതെന്ന തങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് കോൺഗ്രസിന് വോട്ട് ചെയ്തതെന്നാണ് എസ്‌ഡിപിഐയുടെ പ്രതികരണം. തങ്ങളുടെ പിന്തുണയോടെ വിജയിച്ചതിനുശേഷം രാജിവയ്ക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം എസ്‌ഡിപിഐ വോട്ടുവാങ്ങി വിജയിച്ച യുഡിഎഫ് ഇവിടെമാത്രം ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും എസ്‌ഡിപിഐ വിമർശിച്ചു. ഇന്നുനടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |