
തിരുവനന്തപുരം: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ തുടർ നടപടി വൈകുന്നതിൽ പ്രതിഷേധമറിയിച്ച് വുമൺ ഇൻ സിനിമ കളക്‌ടീവ് (ഡബ്ല്യുസിസി). ഐഎഫ്‌എഫ്‌കെ മലയാളികൾക്ക് അഭിമാനമാണ്. എന്നാൽ, ഐഎഫ്‌എഫ്‌കെയുടെ സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷനാണ് പ്രതിസ്ഥാനത്തുള്ളത്. ഐഎഫ്‌എഫ്‌കെ സെലക്ഷൻ കമ്മിറ്റി സിറ്റിംഗിനിടെയാണ് സിനിമാ പ്രവർത്തകയ്‌ക്ക് നെരെ അതിക്രമമുണ്ടായത്. ഇത് ഐഎഫ്‌എഫ്‌കെയുടെ ഖ്യാതിക്ക് ദോഷകരമാണെന്നും ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നു.
അധികാരികളെ അറിയിച്ചിട്ടും രാഷ്‌ട്രീയത്തിൽ വലിയ സ്വാധീനമുള്ള മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയുണ്ടായില്ല. അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തൽ. സ്‌ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന സർക്കാരിൽ നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണം. ഐഎഫ്‌എഫ്‌കെ 2025 നടക്കുന്ന ഈ വേളയിൽ തന്നെ പി ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കണമെന്നും ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം, പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ ഉണ്ടായിരുന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
വനിതാ ചലച്ചിത്ര പ്രവർത്തകയാണ് കുഞ്ഞുമുഹമ്മദിനെതിരെ പരാതി നൽകിയത്. ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതി പൊലീസിനോട് അന്വേഷണ റിപ്പോർട്ട് തേടിയത്. മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദ് ഐഎഫ്എഫ്കെയ്‌ക്ക് സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറിയിലെ ചെയർമാനായിരുന്നു. കേരള രാജ്യന്താര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി. കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്‌പദമായ സംഭവം നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |