
തിരുവനന്തപുരം: കർണാടകയിലെ ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വച്ച് ഇടിച്ചുതകർത്ത സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കർണാടകയിൽ നിന്നുള്ള വാർത്തകൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നാണ് മന്ത്രി പ്രതികരിച്ചത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
ഈ നടപടിക്ക് പിന്നിൽ സംഘപരിവാർ സർക്കാർ അല്ലെന്നും മറിച്ച് കോൺഗ്രസ് സർക്കാരാണെന്നും ശിവൻകുട്ടി കുറിച്ചു. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പേര് പറഞ്ഞ് അധികാരത്തിലേറിയവർ ദരിദ്രരായ മനുഷ്യരുടെ കിടപ്പാടം തകർത്തെറിയുമ്പോൾ അവരുടെ കാപട്യം ഒരിക്കൽ കൂടി വെളിപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
'സ്നേഹത്തിന്റെ കട'യിൽ നിന്ന് ലഭിച്ച കണ്ണീരുമായി പാവങ്ങൾ...
കർണാടകയിൽ നിന്നുള്ള വാർത്തകൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. 'സ്നേഹത്തിന്റെ കട' തുറക്കുമെന്ന് പറഞ്ഞ് വോട്ട് ചോദിച്ചവർ, ഇന്ന് പാവപ്പെട്ട മനുഷ്യർക്ക് സമ്മാനിക്കുന്നത് കണ്ണീരും ദുരിതവുമാണ്.
തിരിച്ചറിയുക, പാവങ്ങളെ തെരുവിലേക്ക് വലിച്ചെറിഞ്ഞ ഈ നടപടിക്ക് പിന്നിൽ സംഘപരിവാർ സർക്കാർ അല്ല, മറിച്ച് കോൺഗ്രസ് സർക്കാരാണ്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പേര് പറഞ്ഞ് അധികാരത്തിലേറിയവർ, ദരിദ്രരായ മനുഷ്യരുടെ കിടപ്പാടം തകർത്തെറിയുമ്പോൾ അവരുടെ കാപട്യം ഒരിക്കൽ കൂടി വെളിപ്പെടുകയാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതികളുടെയും ചോരപുരണ്ട ചരിത്രമാണ് കോൺഗ്രസിന്റേത്. അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതയാണ് കർണാടകയിലെ കോൺഗ്രസ് ഗവൺമെന്റ് ഇപ്പോൾ കാണിക്കുന്നത്.
ഈ മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ, പാവങ്ങളുടെ കണ്ണീരിന് നീതി ലഭിക്കാൻ രാഷ്ട്രീയത്തിന് അതീതമായി ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഇരകൾക്കൊപ്പം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |