തിരുവനന്തപുരം: ഇലക്ട്രോണിക്സ് രംഗത്ത് കേരളത്തിന്റെ അഭിമാനമായ കെൽട്രോണിന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ പർച്ചേസുകളിലും പദ്ധതികളിലും വൻ അഴിമതി നടക്കുന്നുണ്ടെന്ന് സി.എ.ജി കണ്ടെത്തിയിട്ടും സർക്കാർ കണ്ണടയ്ക്കുകയാണ്.
കാമറകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങുന്നതിൽ പൊലീസിലെയും കെൽട്രോണിലെയും ഉന്നതരും വില്നപക്കാരും തമ്മിൽ അവിശുദ്ധബന്ധമുണ്ടെന്ന് സി.എ.ജി 3 വർഷം മുൻപ് കണ്ടെത്തിയിരുന്നു. ചില രാഷ്ട്രീയക്കാരും ഇതിന്റെ ഗുണഭോക്താക്കളാണ്. ആരോപണങ്ങൾ ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിച്ച് തള്ളുകയായിരുന്നു സർക്കാർ.
കൂടിയ വിലയ്ക്ക് പർച്ചേസ് നടത്തി പിന്നീട് ക്രമപ്പെടുത്തുന്നതാണ് പതിവ്. 7 ടൂറിസംകേന്ദ്രങ്ങളിൽ കാമറ വയ്ക്കാൻ 3.21കോടിക്ക് ടെൻഡറില്ലാതെ കെൽട്രോണിന് ഡി.ജി.പി കരാർനൽകിയത് സർക്കാർ ക്രമപ്പെടുത്തി. തുക കുറയ്ക്കാതെ, 7കേന്ദ്രങ്ങളെന്നത് അഞ്ചാക്കി കുറച്ചു.
സർക്കാർ വകുപ്പുകൾക്ക് ഐ.ടി സേവനം നൽകുന്ന ടോട്ടൽ സർവീസ് പ്രൊവൈഡറായതിനാൽ ടെൻഡറില്ലാതെ പദ്ധതികൾ ഏറ്റെടുക്കാൻ കെൽട്രോണിനാവും. തുടർന്ന് കെൽട്രോൺ നേരിട്ട് സ്വകാര്യകമ്പനികൾക്ക് പുറംകരാർ നൽകും. ഇ-ടെൻഡർ വിളിക്കുന്നതിൽ വൻ ക്രമക്കേടുണ്ടെന്നും ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ഒത്തുകളിയിലൂടെയാണെന്നും സി.എ.ജി കണ്ടെത്തിയിരുന്നു. കരാർ കമ്പനി ക്വോട്ട് ചെയ്യേണ്ട തുകപോലും കെൽട്രോണാണ് നിർദ്ദേശിക്കുന്നത്. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോർ പർച്ചേസ് മാന്വലും കേന്ദ്രവിജിലൻസ് കമ്മിഷൻ മാർഗനിർദ്ദേശങ്ങളും പാലിക്കാറില്ല. കണ്ട് ബോധ്യപ്പെടാതെ, പവർപോയിന്റ് അവതരണത്തിനു ശേഷം സുരക്ഷാ ഉപകരണങ്ങൾ വൻവിലയ്ക്ക് വാങ്ങിക്കൂട്ടിയെന്നും സി.എ.ജി കണ്ടെത്തി.
സി.എ.ജി കണ്ടെത്തിയത്
പൊലീസിന് ടാബുകൾക്കായി പാനസോണികിന് 8% കൂട്ടി ടെൻഡർതുക നിർദ്ദേശിച്ചു
1.72ലക്ഷത്തിന് കിട്ടുമായിരുന്ന വോയ്സ് ലോഗറുകൾ വാങ്ങിയത് 3ലക്ഷത്തിന്
വാഹനത്തിൽ ഘടിപ്പിച്ച എക്സ്‌റേ പരിശോധനാ സംവിധാനം വാങ്ങിയത് ഗുണമേന്മ നോക്കാതെ
ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയത് കമ്പോളവിലയുടെ മൂന്നിരട്ടി നൽകി
57ലക്ഷത്തിന്റെ ഡോർഫ്രെയിം മെറ്റൽ ഡിറ്റക്ടർ 1.22 കോടിക്ക് 19 എണ്ണം വാങ്ങിക്കൂട്ടി
30ലക്ഷത്തിന്റെ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ കെൽട്രോൺ നൽകിയത് 39.74ലക്ഷത്തിന്
30ലക്ഷത്തിന്റെ 3 നോൺലീനിയർ ജംഗ്ഷൻ ഡിറ്റക്ടർ വാങ്ങിയത് 1.04 കോടി രൂപയ്ക്ക്
രാജ്യം അഭിമാനത്തോടെ
ഉപയോഗിച്ച ബ്രാൻഡ്
ഇലക്ട്രോണിക്സ് മേഖലയിൽ രാജ്യത്തെ ആദ്യ (1973ൽ) പൊതുമേഖലാസ്ഥാപനം. ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യയ്ക്ക് 5000 ബ്ലാക്ക്ആൻഡ് വൈറ്റ് ടി.വി നിർമ്മിക്കാനായിരുന്നു ആദ്യകരാർ
ടെലിവിഷൻ, റേഡിയോ, ട്രാൻസിസ്റ്റർ, ടേപ്പ്റെക്കാഡർ, ടെലിഫോൺ, കാൽക്കുലേറ്റർ, ക്ലോക്ക്, വാച്ച് എന്നിങ്ങനെ ഉത്പന്നങ്ങൾ നിർമ്മിച്ചു. ഓരോ വീട്ടിലും ഒരു കെൽട്രോൺ ബ്രാൻഡുത്പന്നമായിരുന്നു ലക്ഷ്യം
1974ൽബെൽജിയം കമ്പനിയുമായി ചേർന്ന് അലൂമിനിയം ഇലക്ട്രോണിക് കപ്പാസിറ്റർ നിർമ്മിച്ചു. ബോംബെ, മദ്രാസ്, കൊൽക്കത്ത വിമാനത്താവളങ്ങളിൽ സി.സി ടിവി സ്ഥാപിച്ചു
കരകുളം യൂണിറ്റിൽ നിന്ന് 1979ൽ കെൽട്രോൺ ടി.വിയിറക്കി. 83ൽ കളർ ടി.വിയും ഇറക്കി. 82ൽ ഇലക്ട്രോണിക് വാച്ച്, 1983ൽ പ്രിന്റഡ് സർക്യൂട്ട് ബോർഡ്, 1984ൽ യു.പി.എസ് ഉത്പാദനം തുടങ്ങി
വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിലടക്കം നാവികസേനയ്ക്ക് ഉപകരണങ്ങൾ നിർമ്മിച്ചുനൽകി. ഐ.എസ്.ആർ.ഒയുമായും വി.എസ്.എസ്.സിയുമായും കരാറുണ്ടായിരുന്നു
താരാപ്പുർ, കൂടംകുളം തുടങ്ങിയ ന്യൂക്ലിയർ പവർ സ്റ്റേഷനുകളിൽ കെൽട്രോണിന്റെ ഇൻഡസ്ട്രിയൽ ഗ്രേഡ് യു.പി.എസ് സിസ്റ്റമുണ്ട്
കപ്പാസിറ്ററുകൾ, ശ്രവണസഹായി എന്നിവയിൽ ഒതുങ്ങി ഇപ്പോൾ ഉത്പാദനം. വിവിധ കമ്പ്യൂട്ടർ കോഴ്സുകളും നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |