തിരുവനന്തപുരം: കേന്ദ്രതലത്തിൽ ദേവസ്വം ബോർഡ് വരുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്‌താവന അപകടകരമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അയ്യപ്പസംഗമത്തിൽ ജനപങ്കാളിത്തം കുറവായിരുന്നുവെന്ന സുരേഷ് ഗോപിയുടെ വിമർശനത്തിനും ദേവസ്വം ബോർഡ് പ്രസിഡന്റ് മറുപടി നൽകി.
'ഒരു കോൺക്ളേവിൽ ഉദ്ഘാടന പരിപാടിയുടെ പ്രൗഢിയോടുകൂടി ബാക്കിയുള്ള സെഷനുകൾ നടക്കണമെന്നില്ല. അക്കാഡമിക് സെഷനുകളിൽ അതിനോട് താത്‌പര്യമുള്ളവരെ പങ്കെടുക്കുകയുള്ളൂ. ഒരേസമയത്ത് മൂന്ന് വേദികളിലായായിരുന്നു സെഷൻ നടന്നത്. ഉദ്ഘാടനം നടന്ന വേദിയിൽ മാസ്റ്റർ പ്ളാൻ സംബന്ധിച്ച ചർച്ച നടന്നപ്പോൾ 500ലധികം ആളുകളുണ്ടായിരുന്നു. ഉദ്ഘാടന സമ്മേളനവേദിയിലേതുപോലെ നിറഞ്ഞ രീതിയിൽ ആളുകൾ ഇല്ലായിരുന്നു എന്നത് പരമാർഥമാണ്. എന്നാൽ ആളുകളെ നിറയ്ക്കുക എന്നതല്ലല്ലോ ലക്ഷ്യം. പെരുന്നാട് പഞ്ചായത്ത് ഭരിക്കുന്നത് കേരളം ഭരിക്കുന്ന പാർട്ടിയല്ലേ. ആളെ നിറയ്ക്കണമെങ്കിൽ അവിടത്തെ രണ്ട് വാർഡിലെ ആളുകൾ മതിയായിരുന്നുവല്ലോ?
ശബരിമല കേന്ദ്രം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത് അപകടകരമായ പ്രസ്‌താവനയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിൽ 1242 ക്ഷേത്രങ്ങളാണുള്ളത്. അതിൽ 50ൽ താഴെ ക്ഷേത്രങ്ങൾ മാത്രമാണ് സ്വയം പര്യാപ്തമായുള്ളത്. 40,000 കുടുംബങ്ങൾ സാമ്പത്തിക സുരക്ഷിതത്വ ബോധത്തോടെ കഴിഞ്ഞുപോകുന്ന ആത്മീയ സ്ഥാപനമാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനൊപ്പം മറ്റ് ക്ഷേത്രങ്ങളും പൂട്ടിക്കുക എന്നതല്ലേ അദ്ദേഹത്തിന്റെ പ്രസ്‌താവനയുടെ ലക്ഷ്യം'- പി എസ് പ്രശാന്ത് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |