പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാട് മയപ്പെടുത്തി പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെന്റ് ചെയ്തത് അച്ചടക്ക നടപടി മാത്രമാണെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും തങ്കപ്പൻ പറഞ്ഞു.
'രാഹുൽ മാങ്കൂട്ടത്തിലിനെ കാണുമ്പോൾ വഴിമാറിപ്പോകേണ്ടതില്ല. അങ്ങനെ ആരും ചെയ്യില്ല. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുൽ മണ്ഡലത്തിൽ എത്തിയത്. രാഹുൽ വരുന്നില്ലെന്നായിരുന്നല്ലോ പരാതി. ഇപ്പോൾ വന്നല്ലോ'- തങ്കപ്പൻ ചോദിച്ചു.
ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസമാണ് തന്റെ മണ്ഡലമായ പാലക്കാട്ടേക്ക് എത്തിയത്. വിവാദമുണ്ടായതിന് ശേഷം ആദ്യമായിട്ടാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളെയെല്ലാം വിളിച്ചറിയിച്ച ശേഷമാണ് രാഹുൽ എത്തിയതെന്നാണ് വിവരം. 38 ദിവസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തിയത്.
പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് നേരെ പോയത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ മണ്ഡലത്തിൽ സജീവമാകണമെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ മണ്ഡലത്തിൽ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിരഭിപ്രായം പറഞ്ഞിട്ടില്ല. ആരോപണങ്ങൾ ഒരുപാടുണ്ടായെങ്കിലും ഒരു സ്ത്രീ പോലും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ രാഹുൽ മാറിനിൽക്കേണ്ട ആവശ്യമില്ലെന്നുമാണ് പല നേതാക്കളും പറയുന്നത്. എന്നാൽ ആരോപണങ്ങൾ രാഹുൽ നിഷേധിക്കാത്തതിനെതിരെ പാർട്ടിക്കുള്ളിൽത്തന്നെ വിമർശനം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |