തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചത്തിൽ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.
'അങ്ങനെ സംഭവിച്ചതിൽ എനിക്ക് ഖേദമുണ്ട്. ഞാനൊരു പരമ വിശ്വാസിയാണ്. അങ്ങനെ വന്നുപോയെങ്കിൽത്തന്നെ ഞാനറിയാതെ വന്നുപോയതാണ്. അതിലെനിക്ക് വിഷമമുണ്ട്. അറിയാതെയാണെങ്കിലും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെല്ലാം കോപ്രായങ്ങൾ നടന്നു. എന്തെല്ലാംതരം മുദ്രാവാക്യങ്ങൾ വിളിച്ചു. അങ്ങനെയുള്ളവരാണ് എന്നെ കളിയാക്കുന്നത്. സ്വാമിമാർ മുഷ്ടിചുരുട്ടി ശരണം വിളിക്കുന്നത് യൂട്യൂബിൽ ധാരാളം കാണാം'- പ്രശാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആഗോള അയ്യപ്പസംഗമം ലക്ഷ്യം കണ്ടുവെന്നാണ് വിലയിരുത്തൽ എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളോട് മറുപടി പറയേണ്ട കാര്യം ഞങ്ങൾക്കില്ല. എൻഎസ്എസ്, എസ്എൻഡിപി തുടങ്ങി നിരവധി സാമുദായിക സംഘടനകളുടെ പൂർണ പിന്തുണ തുടക്കംമുതലേ ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ആഗോള അയ്യപ്പസംഗമം വിജയമായതെന്നും പ്രശാന്ത് പറഞ്ഞു. പന്തളത്തുനടന്ന ബദൽ സംഗമം രാഷ്ട്രീയ പരിപാടിയായും പ്രതിഷേധ സംഗമമായും മാറി. അതല്ലാതെ ആ സംഗമം ശബരിമലയുടെ വികസനത്തിനായി എന്തുചെയ്തുവെന്ന് അവർതന്നെ വിലയിരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു പ്രശാന്തിന്റെ വിവാദമായ ശരണംവിളി. സ്വാഗതപ്രസംഗത്തിനുശേഷമായിരുന്നു ഇത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |