തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ, എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് ഏപ്രിൽ പത്തിന് വൈകിട്ട് 5നകം www.cee.kerala.gov.in ൽ അപേക്ഷിക്കണം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ജനന, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവ ഏപ്രിൽ പത്തിന് വൈകിട്ട് 5നകവും മറ്റ് സർട്ടിഫിക്കറ്റുകളും രേഖകളും ഏപ്രിൽ 20ന് വൈകിട്ട് 5നകവും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ മേയ് 17നാണ്. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം നീറ്റ്- യു.ജി പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. പ്രോസ്പെക്ടസ് www.cee.kerala.gov.inൽ.
എൻജിനിയറിംഗ്, ആർക്കിടെക്ചർ, എം.ബി.ബി.എസ്, ബി.ഡി.എസ്, ഹോമിയോ, ആയുർവേദ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി, ഫാർമസി തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാനാവുക. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ്- യു.ജി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനൊപ്പം എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിലും അപേക്ഷിക്കണം. എൻജിനിയറിംഗ്, ബി.ഫാം എന്നിവയിൽ ജനറൽ വിഭാഗത്തിന് 700, പട്ടിക വിഭാഗത്തിന് 300 രൂപയാണ് ഫീസ്. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ ജനറലിന് 500, പട്ടിക വിഭാഗത്തിന് 200 രൂപ വീതമാണ് ഫീസ്. എല്ലാ കോഴ്സുകൾക്കും ഒരുമിച്ച് അപേക്ഷിക്കാൻ ജനറലിന് 900, പട്ടിക വിഭാഗത്തിന് 400 രൂപയാണ് ഫീസ്. പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ഫീസില്ല.
ഓപ്ഷൻ രജിസ്ട്രേഷന് ഫീസ്
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓപ്ഷൻ രജിസ്ട്രേഷന് ഫീസീടാക്കും. തുക തീരുമാനിച്ചിട്ടില്ല. ഓൺലൈനായോ പോസ്റ്റ്ഓഫീസുകൾ വഴിയോ രജിസ്ട്രേഷൻ ഫീസടയ്ക്കാം. ഫീസടച്ച ശേഷം ഓപ്ഷൻ രജിസ്ട്രേഷനിൽ മാറ്റം അനുവദിക്കില്ല. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് ഫീസ് അക്കൗണ്ടിൽ തിരികെ നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഫീസിൽ കിഴിവു നൽകും. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവർക്കും പ്രവേശനം നേടിയ ശേഷം സീറ്റ് ഉപേക്ഷിക്കുന്നവർക്കും ഫീസ് തിരികെ ലഭിക്കില്ല.
മെഡിക്കലിന് 4അലോട്ട്മെന്റ്
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ 4അലോട്ട്മെന്റുകളുണ്ടാവും. റൗണ്ട് 1, 2, മോപ് അപ്, സ്ട്രേ വേക്കൻസി എന്നിവയാണവ. ഒന്നാം റൗണ്ടിൽ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഒന്നാം റൗണ്ടിൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്തിയവർക്കാണ് രണ്ടാം റൗണ്ടിൽ പങ്കെടുക്കാനാവുക. പുതിയ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താനാവില്ല. ഓപ്ഷൻ പുനഃക്രമീകരണത്തിനേ സൗകര്യമുണ്ടാവൂ. ആദ്യ റൗണ്ടുകളിൽ പ്രവേശനം നേടിയ ശേഷം സീറ്റ് ഉപേക്ഷിച്ചവർ, ഒന്നാം റൗണ്ടിൽ ഓപ്ഷൻ നൽകിയെങ്കിലും പിന്നീട് അലോട്ട്മെന്റ് ലഭിക്കാത്തവർ എന്നിവർക്ക് മോപ് അപ് റൗണ്ടിൽ പുതുതായി ഓപ്ഷൻ നൽകാം.
മോപ് അപ് റൗണ്ടിനു ശേഷവും ഒഴിവുള്ള സീറ്രുകൾ സ്ട്രേ വേക്കൻസി റൗണ്ടിൽ നികത്തും. മുൻപ് പ്രവേശനം ലഭിച്ചവർക്ക് ഇതിൽ പങ്കെടുക്കാനാവില്ല. പുതുതായി ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാനാവില്ല. മോപ് അപ് റൗണ്ടിലെ ഓപ്ഷനുകളാവും ഇതിൽ പരിഗണിക്കുക. കോളേജ് തലത്തിലാവും സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടത്തുക. ഒഴിവുള്ള എൻ.ആർ.ഐ ക്വോട്ട സീറ്റുകൾ മെരിറ്റിലേക്ക് മാറ്റും. ന്യൂനപക്ഷ എൻ.ആർ.ഐ സീറ്റുകൾ എൻ.ആർ.ഐ ഓപ്പൺ കാറ്രഗറിയിലേക്കും എൻ.ആർ.ഐ ഓപ്പൺ സീറ്രുകൾ സ്റ്രേറ്റ് മെരിറ്റിലേക്കും മൈനോറിറ്റി സീറ്റുകൾ സ്റ്റേറ്റ് മെരിറ്രിലേക്കുമാണ് മാറ്റുക.
പ്രവേശനം ഇങ്ങനെ
എൻട്രൻസ് സ്കോറിനും പ്ലസ്ടുവിലെ ഫിസിക്സ് കെമിസ്ട്രി, മാത്തമാറ്റിക്സ് മാർക്കിനും തുല്യ പ്രാധാന്യം നൽകി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് എൻജിനിയറിംഗ് കോഴ്സുകളിൽ പ്രവേശനം. എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിലെ ഒന്നാം പേപ്പർ (ഫിസിക്സ്, കെമിസ്ട്രി) എന്നിവയിലെ സ്കോർ പരിഗണിച്ചാണ് ഫാർമസി (ബി.ഫാം) പ്രവേശനം. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ്, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി കോഴ്സുകളിൽ പ്രവേശനം നീറ്റ്-യു.ജി യോഗ്യത പരിഗണിച്ചാണ്. ആർക്കിടെക്ചർ പ്രവേശനത്തിന് നാഷണൽ ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റാ) യോഗ്യത നേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |